കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ വെള്ളം നിറഞ്ഞ റോഡുകളും ഓവുചാലുകളും അതിവേഗം ശുചിയാക്കി ദുബായ് മുനിസിപ്പാലിറ്റി. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ദ്രുതഗതിയിൽ മഴവെള്ളത്തെ വലിച്ചെടുത്താണ് റോഡുകൾ മുനിസിപ്പാലിറ്റി ജീവനക്കാർ ഗതാഗത യോഗ്യമാക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയിലും മഴ ശക്തമായതോടെയാണ് ഒട്ടുമിക്ക പ്രധാന റോഡുകളിലും മഴവെള്ളം കെട്ടികിടക്കാൻ തുടങ്ങിയത്. ഇത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി. ചില റോഡുകൾ അധികൃതർ അടിച്ചിട്ട് ഗതാഗതം വഴിതിരിച്ചു വിട്ടു. ഇതിനെ തുടർന്ന് പ്രത്യേക ടീമിനെ സജ്ജമാക്കി ശുചീകരണ പ്രവൃത്തി മുനിസിപ്പാലിറ്റി വേഗത്തിലാക്കുകയായിരുന്നു. റോഡ് ഗതാഗത അതോറിറ്റി, ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി, നകീൽ എന്നിവയുടെ സംയുക്തമായ പ്രവർത്തനങ്ങളുടെ ഫലമായാണ് രാത്രിയോടെ തന്നെ വെള്ളക്കെട്ടുകൾ പരിഹരിച്ച് ഗതാഗതം സുഖമമാക്കാനായത്
എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയ 484 ഉദ്യോഗസ്ഥർ, 1150 ജീവനക്കാർ എന്നിവരടങ്ങുന്ന ദ്രുതപ്രതികരണ ടീം 279 കാളുകളാണ് 24 മണിക്കൂറിനുള്ളിൽ റോഡ് വൃത്തിയാക്കിയത്. ജീവനക്കാരെ കൂടാതെ ലൈൻ ശുചീകരിക്കാനായി 15 ഉപകരണങ്ങൾ, ക്രെയ്നുകൾ, ഏഴു ട്രക്കുകൾ, വെള്ളം കൊണ്ടുപോകാനായി 49 ടാങ്കുകൾ, 87 പമ്പുകൾ, 74 പോർട്ടബ്ൾ പമ്പുകൾ, 60ലധികം പിക്കപ്പുകൾ, 63 വാഹനങ്ങൾ, കൂടാതെ 31 മറ്റ് വാഹനങ്ങൾ എന്നിവ അടങ്ങിയ പ്രത്യേക സംവിധാനങ്ങളും ദുബൈ മുനിസിപ്പാലിറ്റി സജ്ജമാക്കിയിരുന്നു
മഴവെള്ളവും മലിനജലവും ഒഴുകിപ്പോകാനായി 40 ലക്ഷം മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഓവുചാൽ സംവിധാനമാണ് ദുബായുടേത്. ഇതിൽ 72,000ത്തിലധികം മഴവെള്ള ഡ്രയ്നേജുകളുമായും 35,000 പരിശോധനമുറികളുമായും ഇവയെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം 38 മികച്ച സംവിധാനങ്ങളോടുകൂടിയ എക്സിറ്റുകൾ വഴി ജലാശയങ്ങളിൽ എത്തിച്ചേരുകയാണ് ചെന്നത്. ഇതിനായി 59 ലിഫ്റ്റിങ് ആൻഡ് പമ്പിങ് സ്റ്റേഷനുകളും മുനിസിപ്പാലിറ്റി സജ്ജമാക്കിയിട്ടുണ്ട്.