2023-ൻ്റെ ആദ്യ പകുതിയിൽ 337 ദശലക്ഷം പേർ ദുബായിലെ പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ചതായി ആർടിഎ. ബസ് , മെട്രോ. ടാക്സി, ട്രാം തുടങ്ങിയ സേവനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. മുൻ വർഷത്തേക്കാൾ കൂടുതൽ പേർ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2022ൻ്റെ ആദ്യ പകുതിയിൽ 304.6 ദശലക്ഷം യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. ഈ വർഷം 11 ശതമാനം വർദ്ധനവും ആദ്യ പകുതിയിൽ രേഖപ്പെടുത്തി. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 2023-ൽ ഏകദേശം 1.86 ദശലക്ഷം പ്രതിദിനയാത്രക്കാരാണ് ഉണ്ടായത്. 2022ൽ ഇത് 1.68 ദശലക്ഷം ആയിരുന്നു.
123.4 ദശലക്ഷം പേരാണ് മെട്രോ ഗതാഗതത്തെ ആശ്രിയിച്ചത്. 83 ദശലക്ഷം പേർ ബസ് സർവ്വീസുകൾ ഉപയോഗപ്പെടുത്തി. 86.2 ദശലക്ഷംപേർ ടാക്സി കാറുകളും 21 ദശലക്ഷം പേർ ഷെയർ ടാക്സികളും ഉപയോഗിച്ചു. ജലഗതാഗതത്തെ ആശ്രയിച്ചത് 9.1 ദശലക്ഷം ആളുകളാണ്. പൊതുഗതാഗത മേഖലയിലെ സേവനങ്ങളെ ജനങ്ങൾ ആശ്രയിക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനും തെളിവാണ് കണക്കുകളെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാൻ മാറ്റർ അൽ തായർ പറഞ്ഞു.