യുഎഇയില്‍ ശൈത്യകാല ടൂറിസം സജീവമായതോടെ മരുഭൂമി കാണാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. അതേസമയം മരുഭൂമിയില്‍ കുടുങ്ങി സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ്. സഹായ അഭ്യര്‍ത്ഥനകളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന് യുഎഇയിലെ ഒരു റെസ്ക്യൂ ടീം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ആപ്പ് വഴിയാണ് ആളുകൾ സ്വകാര്യ റസ്ക്യൂ ടീമിനെ ബന്ധപ്പെടുന്നത്. വാഹനങ്ങൾ മണ്ണില്‍ കുടുങ്ങുന്നതാണ് കൂടുതല്‍ പേരേയും ബാധിക്കുന്നത്. മരുഭൂമിയില്‍ വഴിതെറ്റി കുടുങ്ങുന്നവരുടെ എണ്ണവും കൂടുതലാണ്. വേനല്‍കാലത്ത് പരിചയ സമ്പന്നരായവരാണ് മരുഭൂമിയിലേക്ക് സഞ്ചരിക്കുന്നതില്‍ ഏറെയും. എന്നാല്‍ ശത്യകാലത്ത് കൂടുതല്‍ ആളുകൾ മരുഭൂമി കാണാന്‍ പുറപ്പെടും. മരുഭൂമിയില്‍ സഞ്ചരിക്കുന്നവര്‍ ആവശ്യാനുസരണം മുന്‍കരുതലുകൾ സ്വീകരിക്കണമെന്നും റെസ്ക്യൂ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നല്‍കുന്നു.
തയ്യാറെടുപ്പുകൾ ഏതുവിധം?
1.വാഹനം ശരിയായി പരിശോധിക്കുക: പരിചയസമ്പന്നനായ ഒരു ടെക്നീഷ്യന്റെയോ ഗാരേജിന്റെയോ സേവനം ഉപയോഗപ്പെടുത്തുക.
ടയറുകൾ, എഞ്ചിൻ, ബാറ്ററി എന്നിവ പരിശോധിക്കുന്നത് ഉറപ്പാക്കുക.
2.വാഹനം മണലിൽ വീണാൽ അത് പുറത്തെടുക്കാൻ സഹായകമായ
അടിസ്ഥാന ഉപകരണങ്ങളെങ്കിലും വാഹനത്തില്‍ കരുതുക.
3.ആവശ്യത്തിന് ഭക്ഷണവും വെള്ളവും എടുക്കുക: വാഹനം എവിടെയെങ്കിലും കുടുങ്ങിയാൽ, കുറച്ച് മണിക്കൂറുകൾ കടന്നുപോകാൻ ആവശ്യമായ ഭക്ഷണവും വെള്ളവും പായ്ക്ക് ചെയ്യുന്നത് ഉറപ്പാക്കുക. കൂടാതെ ചില ചൂടുള്ള വസ്ത്രങ്ങൾ കയ്യിൽ കരുതുക.
4.നിങ്ങൾ മരുഭൂമിയിലേക്കാണ് പോകുന്നതെന്ന് നിങ്ങളുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ അറിയിക്കുക. സംഘാംഗങ്ങളെപ്പറ്റിയും യാത്രയെപ്പറ്റിയും വിശദമായി ധരിപ്പിക്കുക. അനിഷ്ട സംഭവങ്ങൾ ഉണ്ടായാല്‍ അടിയന്തിര സഹായമെത്തിക്കാന്‍ ഓര്‍മിപ്പിക്കുക.
5.അപകടം പറ്റിയാല്‍ അധികൃതരേയൊ റെസ്ക്യൂ ടീമിനേയൊ ബന്ധപ്പെടാനുളള മാര്‍ഗ്ഗങ്ങൾ ഉറപ്പാക്കുക. ഓഫ്‌റോഡിംഗിൽ പോകുമ്പോൾ യുഎഇ റെസ്‌ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.