യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് ലൂണാർ റോവറിന്റെ പ്രയാണം മുന്നോട്ട്. ഡിസംബര്‍ 11 ന് യാത്രയാരംഭിച്ച റോവര്‍ സഞ്ചാര പാതയിലെ ഏറ്റവും അകലെയുളള പോയിന്റില്‍ എത്താനുളള തയ്യാറെടുപ്പിലാണ്. പിന്നീടാണ് ചന്ദ്രോപരിതലത്തോട് ലാന്റിങ്ങിനായി അടുത്തുവരിക.
തിങ്കളാഴ്ച വരെ, ബഹിരാകാശ പേടകം ഭൂമിയിൽ നിന്ന് ഏകദേശം 1.24 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചെന്നാണ് അറിയിപ്പ്. ജനുവരി 20 ഓടെ പേടകം ഏകദേശം 1.4 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആ ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ ലാൻഡറിനെ ചന്ദ്രനിലേക്ക് അടുപ്പിക്കാൻ അനുവദിക്കുന്ന മൂന്നാമത്തെ പരിക്രമണ നിയന്ത്രണ തന്ത്രം ഐസ്പേസ് നടത്തിയേക്കും.
ജാപ്പനീസ് കമ്പനിയായ ഐസ്പേസ് നിർമ്മിച്ച ഹകുട്ടോ-ആർ ലാൻഡറിലാണ് ഇത് റാഷിദ് റോവര്‍ ചന്ദ്രനിലേക്ക് സഞ്ചരിക്കുന്നത്. റോവര്‍ ഏപ്രിലില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് നിഗമനം. നിലവില്‍ മുന്‍ നിശ്ചയിച്ച പ്രകാരമാണ് റോവറിന്റെ പ്രയാണം. ഇന്ധനത്തിന് പുറമെ ഗുരത്വാകര്ഷണവും ഉപയോഗപ്പെടുത്തിയാണ് റോവര്‍ ചന്ദ്രനിലേക്ക് കുതിക്കുന്നത്.
യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം എന്നതിന് പുറമെ െഎസ്പേസ് കമ്പനിയും ഉദ്യമത്തെ ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. റാഷിദ് റോവറിന് വിജയകരമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞാ, ചന്ദ്രനിലേക്കുള്ള വാണിജ്യ ചരക്ക് ദൗത്യം കൈവരിക്കുന്ന ആദ്യത്തെ കമ്പനിയായി ഐസ്പേസ് മാറും. ഇതോടെ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ സ്വകാര്യ കമ്പനികൾക്ക് അവസരം തുറക്കുന്നതിനും വഴിയൊരുക്കും.
അതേസമയം, അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്ര ദൗത്യം കൂടിയാണിത്. ചന്ദ്രനിലെ മണ്ണ്, പൊടി, ഭൂമിശാസ്ത്രം, ചന്ദ്രോപരിതലത്തിലെ വൈദ്യുത ചാർജുള്ള കണങ്ങൾ എന്നിവയെപ്പറ്റി പഠിക്കുന്ന 10 കിലോഗ്രാം റോവറാണിത്. യുഎഇയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ റാഷിദ് – 2 ചൈനീസ് ബഹിരാകാശ പേടകത്തിൽ 2026ൽ വിക്ഷേപിക്കാനുളള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്..