യുഎഇയുടെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണ പദ്ധതിക്ക് ചരിത്രപരമായ തുടക്കം കുറിക്കുന്ന റാഷിദ് റോവര്‍ വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കേപ് കനാവറലിലെ വിക്ഷേപണ തറയില്‍ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് 163 ടൺ ത്രസ്റ്റ് ഉപയോഗിച്ച് റാഷിദ് റോവറിനെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു.
ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്‌പേസ് നിർമ്മിച്ച ഹകുട്ടോ-ആർ മിഷൻ 1 ലാൻഡറിൽ അഞ്ച് മാസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് ശേഷം ഏപ്രില്‍ നാലിന് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ദുഷ്കരമായ പദ്ധതിയാണെങ്കിലും ഏറെ പ്രതീക്ഷയാണുളളതെന്നും ആദ്യ ഘട്ടത്തിന്‍റെ വിജയത്തില്‍ ആവേശമെന്നും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ഡയറക്ടർ ജനറൽ സലേം അൽ മർറി മാധ്യമങ്ങളോട് പറഞ്ഞു.
യുഎസ് ബഹിരാകാശ സേനയുടെ കീഴിലുള്ള ലോഞ്ച് കോംപ്ലക്സ് 40 പാഡിൽ നിന്ന് യുഎഇ സമയം രാവിലെ 11.39 നാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. ഐസ്‌പേസിന്റെ ലാൻഡർ ലിഫ്റ്റ് ഓഫിന് 35 മിനിറ്റിനുശേഷം റോക്കറ്റിൽ നിന്ന് വേർപെടുത്തുകയും ചന്ദ്രനിലേക്കുള്ള ഏകാന്ത യാത്ര ആരംഭിക്കുകയും ചെയ്യ്തു.
ചന്ദ്രന്റെ വടക്ക് ഭാഗത്തുള്ള അറ്റ്‌ലസ് ഗർത്തത്തിലാണ് റാഷിദ് റോവർ ഇറക്കാൻ ഉദ്ദേശിക്കുന്നത്. വരുന്ന ഏപ്രിലോടെ നാല് വീലുകളും 10 കിലോ ഭാരവുമുള്ള റോവർ ചന്ദ്രനിലിറങ്ങും. ദൗത്യം വിജയിച്ചാൽ ചന്ദ്രോപരിതലത്തിൽ റോവർ ഇറക്കുന്ന നാലാമത്തെ രാജ്യമാകും യുഎഇ. യുഎഇ തദ്ദേശിയമായി നിര്‍മ്മിച്ചതാണ് റാഷിദ് റോവര്‍. ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവം, ശിലകൾ, പൊടി, ചന്ദ്രന്റെ ഫോട്ടോ , ഇലക്ട്രോൺ കവചം തുടങ്ങിയ നിരവധി വിഷയങ്ങൾ റാഷിദ് റോവർ പഠന വിധേയമാക്കും.