യുഎഇയിലെ റാസൽഖൈമയിൽ നിന്ന് ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രമായ മുസന്ദത്തേക്കുള്ള ബസ് സർവിസ് ഇന്ന് ആരംഭിക്കും. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (റാക്ട) യാണ് ബസ് സർവിസ് ആരംഭിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ബസ് സർവിസ് നടത്തുക. 50 ദിർഹമാണ് (അഞ്ച് ഒമാൻ റിയാൽ) ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ട് മണിയ്ക്കും വൈകുന്നേരം ആറ് മണിയ്ക്കും റാസൽഖൈമ ബസ് സ്റ്റേഷനിൽ നിന്ന് ബസ് പുറപ്പെടും. ഇതേസമയം, ഖസബ് വിലായത്തിൽ നിന്ന് റാസൽഖൈമയിലേക്കും ബസ് സർവീസ് ഉണ്ടാകും. രണ്ടര മുതൽ മൂന്ന് മണിക്കൂർവരെ സമയമെടുത്ത് അമ്പത് ദിർഹം നിരക്കിൽ യുഎഇയ്ക്കും ഒമാനുമിടയിൽ യാത്ര ചെയ്യാം. റാക് ബസ് മൊബൈൽ ആപ്ലിക്കേഷൻ, റാക്ട് വെബ്സൈറ്റ്, റാസൽഖൈമ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റെടുക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ റാസൽഖൈമ മെയിൻ ബസ് സ്റ്റേഷനുപുറമെ, അൽറംസ്, ശാം എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പുണ്ടാകുമെന്നും റാക്ട അറിയിച്ചു.
അതേസമയം നേരത്തേ ഒമാനിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് യുഎഇ-അബൂദബി ബസ് സർവിസിന് തുടക്കം കുറിച്ചിരുന്നു. അൽഐൻ വഴി അബൂദാബിയിൽ എത്തിച്ചേരുന്ന രീതിയിലാണ് റൂട്ടുകൾ ഒരുക്കിയിരിക്കുന്നത്. 11.5 റിയാലാണ് വൺവേ ടിക്കറ്റ് നിരക്ക്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസ് 11 മണിയ്ക്ക് ബുറൈമിയിലും ഉച്ചക്ക് ഒരു മണിക്ക് അൽ ഐനിലും 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരുന്ന തരത്തിലാണ് സർവീസ്. അബൂദാബിയിൽനിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്കറ്റിൽ എത്തും. എന്നാൽ ദുബായിലേക്ക് ഇതുവരെ മുവാസലാത്ത് സർവിസ് ആരംഭിച്ചിട്ടില്ല. മുവാസലാത്തിന്റെ യുഎഇ സർവിസുകൾ പുനരാരംഭിച്ചത് യാത്രാദുരിതം ഒഴിവാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.