റമദാനിൽ സ്വകാര്യ മേഖലയിലെ തൊഴിലുടമകളുടെ ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന് യുഎഇ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ഫെഡറൽ ജീവനക്കാരുടെ ജോലി സമയം നിശ്ചയിച്ച് സർക്കുലർ പുറത്തുവന്നതിന് പിന്നാലെയാണ് സ്വകാര്യമേഖലയിലെ ജോലി സമയം ക്രമീകരിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടത്.
പുണ്യമാസത്തിലുടനീളം കമ്പനികൾക്ക് ഇണങ്ങും വിധം ജോലി സമയത്തിൽ ക്രമീകരണം നൽകണം. വർക്ക് അറ്റ് ഹോം പോലെയുളള റിമോട്ട് വർക്കിംഗ് പാറ്റേണുകൾ” അവതരിപ്പിക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി റമദാൻ ദിവസങ്ങളിൽ ദൈനംദിന പ്രവൃത്തി സമയത്തിൻെ പരിധിയിൽ ഇളവ് അനുവദിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ച വരെയും സർക്കാർ വകുപ്പുകളിലെ ജീവനക്കാർ പ്രവർത്തിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് സർക്കുലറിൽ അറിയിച്ചിരുന്നു. ഈ വർഷം മാർച്ച് 23 ന് യുഎഇയിൽ റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.