കഴിഞ്ഞ ദിവസം സൂപ്പർസ്റ്റാർ രജനികാന്തും പ്രമുഖ വ്യവസായിയായ എംഎ യൂസഫലിയും കണ്ടുമുട്ടിയതും അവർ നടത്തിയ യാത്രയുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തിന് യുഎഇ ഗോൾഡൻ വീസ നൽകി ആദരിച്ചിരിക്കുകയാണ് അബുദാബി സർക്കാർ. അബുദാബി ഡിസിടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെന്‍റ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി) വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് വീസ പതിച്ച എമിറേറ്റ്സ് ഐഡി താരത്തിന് കൈമാറി. പ്രമുഖ വ്യവസായിയും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിയാണ് ഉദ്യോഗസ്ഥരോടൊപ്പം ഈ നടപടികൾ പൂർത്തിയാകുന്നതിന് രജനികാന്തിനെ സഹായിച്ചത്. അതിന് യൂസഫലിയോട് താരം നന്ദി അറിയിക്കുകയും ചെയ്തു.
രജനികാന്തിന്റെ വാക്കുകൾ
അബുദാബി സർക്കാരിൽ നിന്ന് അഭിമാനകരമായ യുഎഇ ഗോൾഡൻ വീസ ലഭിച്ചതിൽ അതിയായ സന്തോഷം. അബുദാബി സർക്കാരിനും ഈ വീസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കി തന്നതിന് സുഹൃത്തായ ലുലു ഗ്രൂപ്പ് സിഎംഡി യൂസഫലിക്കും നന്ദി.
യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെയും രജനികാന്ത് അബുദാബിയിലെ കൊട്ടാരത്തിലെത്തി സന്ദർശിച്ചു. പിന്നീട് ബിഎപിഎസ് ഹിന്ദു മന്ദിറും അബുദാബിയിലെ ഷെയ്ഖ് സായിദ് വലിയ പള്ളിയും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. തന്‍റെ പുതിയ ചിത്രമായ വേട്ടയാന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമായിരുന്നു രജനികാന്ത് അബുദാബിയിലെത്തിയത്. ബിസിനസ്, ആരോഗ്യം, കലാ–സാഹിത്യ രംഗങ്ങളിലെ പ്രതിഭകൾക്ക് ആദരവായി നൽകുന്നതാണ് ഗോൾഡൻ വീസ.
നേരത്തെ മമ്മൂട്ടി, മോഹന്‍ലാൽ എന്നിവരടക്കമുള്ള പ്രമുഖ നടന്മാർക്കെല്ലാം ഗോൾഡന്‍ വീസ ലഭിച്ചതും അബുദാബിയിൽ നിന്നുതന്നെയാണ്. ഇതിനോടകം മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും ഗായകരുമെല്ലാം തന്നെ ഗോൾഡൻ വീസ സ്വന്തമാക്കിയിട്ടുണ്ട്. യുഎഇയിലെ ഒട്ടേറെ മലയാളി ബിസിനസുകാർ, ഡോക്ടർമാർ, നഴ്സുമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവർക്കും ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്.