യുഎഇയിൽ വരും വർഷങ്ങളിൽ മഴയുടെ തീവ്രത 20 ശതമാനം വരെ ഉയരുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കി. മഴയുടെ തീവ്രത 10 ശതമാനം മുതൽ 20 ശതമാനം വരെ വർധിക്കുമെന്നും വരും വർഷങ്ങളിൽ ശരാശരി താപനില 1.7 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ഏപ്രിലിലെ അഭൂതപൂർവമായ മഴയ്‌ക്ക് സമാനമായ രീതിയിൽ മഴയും കാലാവസ്ഥാ മാറ്റവുമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ-അബ്രി പറഞ്ഞത്. മഴയിൽ 20 ശതമാനം വർധനവ് പ്രവചിക്കുന്നതോടെ, മഴയുടെ പാറ്റേണുകളും മാറുമെന്നാണ് വിലയിരുത്തൽ.
നിലവിലെ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനം മുതൽ 25 ശതമാനം വരെ വർധിച്ച് ഒറ്റ ദിവസത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയിൽ ഗണ്യമായ വർധനവ് നമുക്ക് കാണാൻ കഴിയുമെന്നും ഡോ. അൽ-അബ്രി കൂട്ടിച്ചേർത്തു.