യുഎഇയില്‍ വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്. ആഗസ്റ്റ് 14നും 17നും ഇടയിൽ കിഴക്കൻ മേഖലയിലും തെക്കൻ മേഖലയിലും മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കിഴക്കന്‍ ദിക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്തയാഴ്ച കരതൊടുമെന്നാണ് നിഗമനം.
അതേസമയം കഴിഞ്ഞ ആഴ്ച വേനലില്‍ അപ്രതീക്ഷിതമായെത്തിയ മഴയും പ്രളയവും അസാധാരണ ദുരിതമാണ് യുഎഇയിലെ റസല്‍ഖൈമ, ഫുജേറ, ഷാര്‍ജ മേഖലകളില്‍ വിതച്ചത്. മേഖലകളില്‍ പ്രളയക്കെടുതിയെ മറികടന്ന് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയതേയുളളു.
വെയിലും മഴയും
ഇതിനിടെ മാനം തെളിഞ്ഞപ്പോൾ അഭൂതപൂര്‍വ്വമായ ചൂടും അനുഭവപ്പെട്ടു. 47 ഡിഗ്രി ചൂടാണ് തിങ്കളാഴ്ച യുഎഇയില്‍ അനുഭവപ്പെട്ടത്. അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.അതേസമയം കാലാവസ്ഥാ പ്രതിഭാസങ്ങൾ നേരിടാനുളള മുന്നൊരുക്കങ്ങൾ ശക്തമാക്കുകയാണ് രാജ്യം.
തയ്യാറെടുപ്പുമായി ഷാര്‍ജ
ഏതു നിമിഷവും സഹായത്തിനെത്തുന്ന സേനയെ രൂപീകരിച്ചാണ് ഷാര്‍ജയുടെ നീക്കം. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ , വോളന്റിയര്‍മാര്‍ എന്നീവിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ടാണ് പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യുന്നത്. എമര്‍ജന്‍സി വാഹനങ്ങളും കണ്ട്രോൾ റൂമുകളും ഏത് നിമിഷവും തയ്യാറാകും.
സുല്‍ത്താന്റെ അഭിനന്ദനം
അതേസമയം പ്രളയ ദുരിതത്തെ മറികടക്കാന്‍ ഒരുമിച്ച പ്രവര്‍ത്തിച്ച എല്ലാ വിഭാഗത്തേയും ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അഭിനന്ദിച്ചു. വിവിധ ഫെഡറൽ സ്ഥാപനങ്ങളും ഷാർജ പോലീസും തമ്മിലുള്ള യോജിച്ച ശ്രമങ്ങളെ ഷാർജ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീറും പ്രശംസിച്ചു. ക്യാമ്പുകളില്‍നിന്ന് താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും ഷാര്‍ജ ഭരണാധികാരി അമ്പതിനായിരം ദിര്‍ഹം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.