യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് ഉച്ചയോടെ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലാണ് ഉച്ചയോടെ മഴ പ്രതീക്ഷിക്കുന്നത്.
ഇന്ന് കാലാവസ്ഥ പൊടി നിറഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്നും പൊടിക്കാറ്റും മണൽ കാറ്റും വീശാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ വാഹന യാത്രക്കാർക്ക് ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നുമാണ് വിലയിരുത്തൽ. രാജ്യത്തിൻ്റെ തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈർപ്പത്തിൻ്റെ അളവ് ഇന്ന് ഉയർന്ന് 90 ശതമാനത്തിലും പർവതപ്രദേശങ്ങളിൽ 15 ശതമാനത്തിലും എത്തും. അതോടൊപ്പം അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും.