ഗവണ്മെന്റിന്റെ ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ലൈസൻസില്ലാതെ ചാരിറ്റിയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് സ്ഥാപിക്കുകയോ നിയന്ത്രിക്കുകയോ പ്രവർത്തിപ്പിക്കുകയോ ഓൺലൈനിലോ ഏതെങ്കിലും വിവര സാങ്കേതിക വിദ്യയിലൂടെയോ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും കടുത്ത ശിക്ഷ ലഭിക്കും.
കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ (34) ആർട്ടിക്കിൾ 46 പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമത്തിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. യോഗ്യതയുള്ള അധികൃതർ നൽകുന്ന ലൈസൻസിലല്ലാതെ സംഭാവനകൾ ശേഖരിക്കുന്നതിനോ പ്രോത്സാഹിപ്പിക്കാനോ ചെയ്യരുത്. ഇതിന് മുതിർന്നാൽ തടവും 2 ലക്ഷം ദിർഹത്തിൽ കുറയാത്തതോ 5 ലക്ഷത്തിൽ കവിയാത്തതോ ആയ പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകൾ ഒന്നിച്ചും അനുഭവിക്കേണ്ടതായി വരും.