ഓൺലൈൻ വഴി അപകീർത്തിപ്പെടുത്തുകയൊ അസഭ്യം പറയുകയൊ ചെയ്യുന്നതിന് ശിക്ഷ കർശനമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. അമ്പതിനായിരും ദിർഹം വരെ പിഴയും ജയിൽ ശിക്ഷയുമാണ് ലഭ്യമാവുകയെന്നും മുന്നറിയിപ്പ്. വിവര ശൃംഖല, സാങ്കേതിക വിദ്യകൾ, വിവര സംവിധാനങ്ങൾ എന്നിവവഴിയുളള നിയമലംഘനങ്ങൾക്കാണ് ശിക്ഷ കർശനമാക്കിയത്.
സോഷ്യൽ മീഡിയ ഉപയോഗത്തിലും വാട്സ് ആപ്പ് പോലുളള ചാനലുകളിലും ഉപയോഗിക്കുന്ന ഭാഷകൾ വരെ ശിക്ഷാപരിധിയിൽ ഉൾപ്പെടും.ഡ്യൂട്ടിയിലുളള പൊതുമേഖലാ ജീവനക്കാർക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പ്രവൃത്തികൾക്ക് കനത്ത ശിക്ഷ ലഭിക്കും.
അപകീർത്തിപ്പെടുത്തിയെന്ന പരാതികൾക്ക് കുറഞ്ഞത് 250,000 ദിർഹത്തിൽ കുറയാത്ത ശിക്ഷയാകും ഉണ്ടാവുക. ഇ-കുറ്റകൃത്യങ്ങളും കിംവദന്തികളും ചെറുക്കുന്നതിനുള്ള 2021-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 34-ൻ്റെ ആർട്ടിക്കിൾ 43ന് കീഴിലാണ് ശിക്ഷകൾ നടപ്പാക്കുന്നത്
രാജ്യത്ത് ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളും തുടരുകയാണ്. നിയമ സാക്ഷരത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ക്രിമിനൽ ഇൻഫർമേഷൻ സെന്റർ “വേയ്” ആരംഭിക്കുന്നതായി യുഎഇ ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. മാധ്യമ അവബോധം, നിയമ മാർഗനിർദേശം, കമ്മ്യൂണിറ്റി പ്രചാരം എന്നിവയുൾപ്പെടെ സഹിഷ്ണുതയുടെ സംസ്കാരം പ്രചരിപ്പിക്കുന്നതിനാണ് പദ്ധതിയിലൂടെ മുൻതൂക്കം നൽകുന്നത്.
എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങളെ സ്വാധീനിച്ചേക്കാവുന്ന നിഷേധാത്മകമായ സാമൂഹിക സ്വഭാവങ്ങളെയും പ്രതിഭാസങ്ങളെയും പദ്ധതിയിലൂടെ നിരീക്ഷണ വിധേയമാക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.