കോഴിക്കോടുനിന്ന് ദുബായിലേക്കുളള എയർ ഇന്ത്യ സർവ്വീസുകൾ നിർത്തുകയും പകരം സംവിധാനം ഏർപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് പ്രവാസികളുടെ ദുരിതമേറ്റുമെന്ന് നിഗമനം. പ്രവാസി സംഘടനകളും പ്രതിനിധികളും എയർ ഇന്ത്യ നീക്കത്തിനെതിരേ പ്രതികരണവുമായി രംഗത്തെത്തി.
സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നത് നിരക്കു വർധനക്കും തിരക്കിനും ഇടയാക്കുമെന്നാണ് ട്രാവൽസ് ഏജൻസി രംഗത്തെവിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. നേരത്തെ എയർ ഇന്ത്യ നൽകിവന്ന ടിക്കറ്റ് ലോക്ക്, റീഫണ്ട് പോലുള്ള സേവനങ്ങൾ പ്രവാസി യാത്രക്കാർക്ക് ഏറെ പ്രയോജനമായിരുന്നു.കുട്ടികൾക്കുള്ള നിരക്കിളവ് ഒഴിവാക്കിയതും സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് തിരിച്ചടിയാണ്.
അതേസമയം ദുബൈയിൽനിന്നും ഷാർജയിൽനിന്നുമുള്ള എയർ ഇന്ത്യ കോഴിക്കോട് വിമാനങ്ങൾ നിർത്തലാക്കിയത് രോഗികളേയും വലക്കും. ബജറ്റ് എയർലൈനുകളിൽ സ്ട്രെച്ചർ സൗകര്യം എയർ ഇന്ത്യയിൽ മാത്രമാണുണ്ടായിരുന്നത്.കേരളത്തിന്റെ വടക്കൻ മേഖലയിലെ യാത്രക്കാർക്ക് രോഗികളെ എത്തിക്കണമെങ്കിൽ ഇനി കൊച്ചിയേയൊ തിരുവനന്തപുരത്തേയൊ വിമാനത്താവളത്തെ ആശ്രയിക്കേണ്ടിവരും.ഇതിനായി വലിയ തുകയും ചിലവാകും.
ഒരു നിയന്ത്രണവുമില്ലാതെയാണ് എയർലൈനുകൾ പുതിയ നടപടികൾ സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം. പ്രവാസികൾക്ക് സൗകര്യമൊരുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാർ ഇടപെടേണ്ടതെന്നും പ്രവാസി സംഘടനകൾ വ്യക്തമാക്കി.