കുട്ടികൾ ഉൾപ്പെടെ ഹത്ത മലമുകളിൽ കുടുങ്ങിയ ആറംഗ കുടുംബത്തെ പൊലീസ് രക്ഷപെടുത്തി. മാതാപിതാക്കളും നാല് കുട്ടികളും ഉൾപ്പെട്ട വിദേശികളാണ് മലമുകളില്‍ കുടുങ്ങിയത്. വഴിതെറ്റി ഏറെ അലഞ്ഞതോടെ തിരിച്ചിറങ്ങാന്‍ കഴിയാതെ കുടുംബം കുടുങ്ങുകയായിരുന്നു. സംഘം നിശ്ചിത റൂട്ടിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
സാഹായത്തിനായി പൊലീസിന് ഫോണ്‍ കോൾ ലഭിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഡ്രോണുകൾ ഉപയോഗിച്ചുളള പരിശോധനയില്‍ വഴിതെറ്റിയ കുടുംബത്തെ കണ്ടെത്താനായി. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തുകയും കുടുംബത്തെ രക്ഷപെടുത്തുകയായുമായിരുന്നു.
ശൈത്യകാല ടൂറിസത്തിന്‍റെ ഭാഗമായി യുഎഇയിലേക്ക് നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. പൈതൃക ഗ്രാമങ്ങളുടേയും പർവതങ്ങളുടെയും താഴ്‌വരകളുടെയും അണക്കെട്ടുകളുടെയും പ്രകൃതി സൗന്ദര്യം അനുഭവിക്കാൻ വരുന്ന ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മരുഭൂമി കാണാന്‍ പോകുന്നവരും കുറവല്ല. ഹത്തപര്‍വ്വത മേഖല പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.
അതേസമയം വിനോദ സഞ്ചാര സ്പോട്ടുകളില്‍ അത്യാഹിതമുണ്ടായാല്‍ അടിയന്തര ഇടപെടലകുകൾക്കായി അതോറിറ്റിയെ നിയമിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പൊലീസ് സഹായത്തിന് 999 എന്ന നമ്പറിൽ വിളിച്ചറിയിക്കാനുമാകും. അതേസമയം വിനോദ സഞ്ചാരികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.