കാറിനുളളില്‍ കുടുങ്ങിയ രണ്ടുവയസുളള കുഞ്ഞിനെ രക്ഷപെടുത്തി ദുബായ് പൊലീസ്. കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി ഷോപ്പിംഗിന് പോയ അമ്മയുടെ അനാസ്ഥയെ തുടര്‍ന്നാണ് പൊലീസ് രക്ഷകരായത്. ഷോപ്പിംഗിന് ശേഷം തിരിച്ചെത്തിയപ്പോൾ കാര്‍ തുറക്കാന്‍ കഴിയാതിരുന്ന അമ്മ തന്നെ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു.
സീറ്റ് ബെല്‍റ്റില്‍ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞ്. കാറിന്‍റെ താക്കോല്‍ കാറിനുളളില്‍ ആയതോടെ അമ്മ നിസ്സഹായ ആവുകയായിരുന്നു. പിന്നീട് ഫോണിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു. അഞ്ച് മിനിറ്റിനുളളില്‍ സ്ഥലത്തെത്തിയ പൊലീസ് കാറിന്‍റെ വാതില്‍ തുറന്ന് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിച്ചു.
അമ്മയുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിൽ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെടാന്‍ വൈകിയിരുന്നെങ്കില്‍കുട്ടിയുടെ ആരോഗ്യനില വഷളാകുകയൊ മരണം സംഭവിക്കുകയൊ ചെയ്തേനേയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ വാഹനങ്ങളിൽ ഉപേക്ഷിക്കുന്നത് അപകടകരമായ ശീലമാണെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു. 5,000 ദിർഹത്തിൽ കുറയാത്ത പിഴയും തടവും ശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.