ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിന്റെ ജനലിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷപെടുത്തിയ രണ്ടുപേരെ ഷാർജ പോലീസ് ആദരിച്ചു. നേപ്പാൾ സ്വദേശിയായ വാച്മാന്‍ മുഹമ്മദ് റഹ്മത്തുള്ളയെയും സഹായി അദേൽ അബ്ദുൾ ഹഫീസിനേയുമാണ് ഷാർജ പോലീസ് ആദരിച്ചത്. ഷാർജ പോലീസ് ഏര്‍പ്പുടുത്തിയ സ്വീകരണചടങ്ങില്‍ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ ഷംസി ഇരുവര്‍ക്കും ആദരം കൈമാറി.
അവസരോചിത ഇടപെടലും രക്ഷാപ്രവര്‍ത്തനത്തിന് കാണിച്ച ധൈര്യവും കണക്കിലെടുത്താണ് ബഹുമതിയെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെ ബഹുമാനിക്കാൻ സേന എപ്പോഴും താൽപ്പര്യപ്പെടുന്നുണ്ടെന്നും മേജർ ജനറൽ സെയ്ഫ് അൽ ഷംസി പറഞ്ഞു. ഇരുവര്‍ക്കും പ്രശംസാപത്രവും പുതിയ മൊബൈല്‍ ഫോണുമാണ് സമ്മാനമായി നല്‍കിയത്.
കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലെ ജനൽ ചില്ലിൽ തൂങ്ങിക്കിടന്ന സിറിയന്‍ ദമ്പതികളുടെ മകനെയാണ് മുഹമ്മദ് റഹ്മത്തുള്ളയും സുഹൃത്തും ചേര്‍ന്ന് രക്ഷപെടുത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ തനിച്ചാക്കി മാതാവ് ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് സംഭവം. കുട്ടി ജനാലവഴി പുറത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വാച്ച്മാന്‍ സഹായികൾക്കൊപ്പം ഫ്ലാറ്റിന്‍റെ വാതില്‍ തകര്‍ക്ക് കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.