യുഎഇയിൽ അപ്പാർട്ട്മെൻ്റിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ഏഷ്യൻ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉമ്മുൽ ഖുവൈൻ പോലീസിന്റെ ജനറൽ കമാൻഡിന്റെ ആന്റി നാർക്കോട്ടിക് വിഭാഗമാണ് സംഘത്തെ പിടികൂടിയത്. പ്രതികളെയും കഞ്ചാവ് ചെടികളും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അനധികൃതമായി മയക്കുമരുന്ന് കൃഷിയും കടത്തും നടത്തിവരുന്നതായി വിവരം ലഭിച്ചതിനേത്തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിനാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയതെന്ന് ആന്റി നാർക്കോട്ടിക് വിഭാഗം മേധാവി മേജർ ജമാൽ സയീദ് അൽ കെത്ബി പറഞ്ഞു. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നതിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം കുറ്റകൃത്യങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ 80044 എന്ന നമ്പറിലോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയോ സുരക്ഷാ അധികാരികളുമായി ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.