യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആലപ്പുഴയിലുണ്ട്. ഏഹ്….! കേരളത്തിലോ? അദ്ദേഹം എപ്പോൾ ഇവിടെയെത്തി! കേട്ടപ്പോൾ ഒന്ന് ഞെട്ടിയല്ലേ, എന്നാൽ ഒന്നുകൂടി ഞെട്ടാൻ തയാറായിക്കോളൂ. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആലപ്പുഴയിലെത്തിയത് രാജീവിന്റെയും സ്കൂൾ വിദ്യാർത്ഥിയുമായ ജെഫിന്റെയും കരവിരുതിലൂടെയാണ്.
ആലപ്പുഴ ചെന്നിത്തലയിലെ 40 ഏക്കർ നെൽപ്പാടത്ത് തലയെടുപ്പോടെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നിറഞ്ഞു നിൽപ്പുണ്ട്. കൊയ്തൊഴിഞ്ഞ പാടം കരിച്ചെടുത്ത് അവിടെ വയ്ക്കോലുകൾ കൊണ്ട് ദുബായ് ഭരണാധികാരിയുടെ വലിയൊരു രൂപം കൊത്തിയെടുത്തിരിക്കുകയാണ് ഈ മാമനും മരുമകനും കൂടി.
ആലപ്പുഴയിലെ ഈ അത്ഭുത ചിത്രം ഉണ്ടായത് ഇങ്ങനെയാണ്…
3/4 ന്റെ ഫ്ലെക്സ് ബോർഡിൽ ആദ്യം ഫോട്ടോ അച്ചടിയ്ക്കും. എന്നിട്ട് അതിനെ 2800 സ്ക്വയറിൽ ഡിവൈഡ് ചെയ്യും. ശേഷം അതിന്റെ കണക്കും കാര്യങ്ങളുമെല്ലാം നോക്കി കറുപ്പിക്കേണ്ട ഭാഗങ്ങൾ മാർക്ക് ചെയ്യും. പിന്നീട് അത് ബുക്കിലേയ്ക്ക് പകർത്തും. 20 അടിയുടെ സ്കെയിൽ ഉണ്ടാക്കി 3000 തവണയെങ്കിലും പൊക്കിയും താഴ്ത്തിയുമാണ് പാടത്ത് ഈ മനോഹര ചിത്രം വരച്ചെടുത്തത്. ഇത്തരത്തിൽ പല പ്രമുഖരുടെയും ചിത്രം ഈ കലാകാരന്മാർ ഒരുക്കിയിട്ടുണ്ട്. മദർ തെരേസയും അബ്ദുൾ കലാമും ബോബി ചെമ്മണ്ണൂരും മേജർ രവിയുമെല്ലാം രാജീവന്റെയും ജെഫിന്റെയും കരവിരുതിൽ കൊയ്തൊഴിഞ്ഞ പാടത്ത് വിസ്മയം തീർത്തിട്ടുണ്ട്. പക്ഷെ, 90 ശതമാനം പൂർത്തിയാക്കുമ്പോഴേക്കും മഴ വില്ലനായെത്തി ചിത്രം മുഴുവനാക്കാൻ അനുവദിക്കില്ല.
കഠിന പ്രയത്നത്തിൽ വിരിഞ്ഞ ഈ കലാവിരുത് ദുബായ് ഭരണാധികാരി കാണുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. രാജീവനും ജെഫിനും ഗിന്നസ് റെക്കോർഡിന് വേണ്ടിയുള്ള അശ്രാന്ത പരിശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. മഴ അതിന് അനുവദിക്കുന്നില്ല എന്ന് മാത്രം. ഈ അതുല്യ കലാകാരന്മാരെ ലോകം തിരിച്ചറിയുക തന്നെ വേണം. മഴ മാത്രമല്ല, മനുഷ്യരും ഒന്ന് മനസ്സ് വച്ചാൽ ലോകം ഇവരെ അറിയും. ഇവർ ലോകം കീഴടക്കും, തീർച്ച.