മാതാപിതാക്കൾ വേർപിരിഞ്ഞതോടെ വീടുവിട്ടിറങ്ങി ഭിക്ഷാടനം നടത്തിയ 14കാരന് രക്ഷകരായി ദുബായ് പൊലീസ്. എമിറേറ്റിലെ ഒരു പള്ളിക്ക് സമീപമിരുന്നുകൊണ്ട് യാചന നടത്തുന്ന കുട്ടിയെയാണ് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തുകയും പിതാവ് പുനർവിവാഹിതനാവുകയും ചെയ്തതോടെ വീടുവിട്ടിറങ്ങിയതാണെന്ന് വ്യക്തമായി. താമസക്കാർ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് കുട്ടി യാചന നടത്തുന്നതായി കണ്ടെത്തിയത്. എന്നാൽ കുട്ടി ഏതു രാജ്യക്കാരനാണെന്നൊ മറ്റു വിവരങ്ങളോ ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം പൊലീസ് കുടുംബത്തെ വിവരമറിയിച്ചു. തുടർന്ന് കുട്ടി മാതാവിനൊപ്പം കഴിയുന്നതിന് രക്ഷിതാക്കൾ തമ്മിൽ ധാരണയിലെത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. 14കാരന്റെ ജീവിതത്തിന് പുതിയ തുടക്കം സമ്മാനിക്കുന്നതായിരുന്നു ഈ തീരുമാനമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രി. അലി സാലിം അൽ ശംസി പറഞ്ഞു. രക്ഷിതാക്കൾ മക്കളുടെ ക്ഷേമം ഉറപ്പുവരുത്താൻ എപ്പോഴും ശ്രദ്ധിക്കണം. കുടുംബകലഹങ്ങൾ അവരുടെ സാന്നിധ്യത്തിലല്ലാതെ പരിഹരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അതോടൊപ്പം യാചകരോട് അനുകമ്പ കാണിക്കരുതെന്നും പണം നൽകരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് നിർദേശിച്ചു.