ഒളിമ്പിക് ദീപം തെളിഞ്ഞു.ഇനി പതിനാറു നാൾ ലോകത്തിൻ്റ കണ്ണും കാതും പാരീസിലേക്കാണ്. സെൻ നദീതീരത്തെ വിസ്മയകാഴ്ചകളോടെയാണ് പാരീസ് ഒളിംപിക്‌സിന് തുടക്കമായത്. സെൻ നദിയിലൂടെ നാലുമണിക്കൂറിലധികം നീണ്ടുനിന്ന
അത്ലറ്റുകളുടെ മാർച്ച് പാസ്റ്റോടെയാണ് 33ആം ഒളിമ്പിക്സിന് കൊടി ഉയർന്നത്.
പ്രധാനവേദിക്ക് പുറത്ത് ഉദ്ഘാടന ചടങ്ങ് നടന്ന ആദ്യ ഒളിമ്പിക്സ് എന്ന ചരിത്രവും ഇതോടെ പാരീസ് സ്വന്തമാക്കി. സെൻ നദിയിലടെ ആറ് കിലോമീറ്റർ നീളുന്നതായിരുന്നു ബോട്ട് യാത്ര. പതിനായിരത്തിലധികം കായിക താരങ്ങൾ അപൂർവ്വ മാർച്ച് പാസ്റ്റിൻ്റെ ഭാഗമായി. നദിയുടെ ഇരുകരകളിലുമായി ലക്ഷക്കണക്കിന് ആളുകൾ ഉദ്ഘാടന ചടങ്ങിന് സാക്ഷികളാകാനെത്തിയിരുന്നു.
ഇന്ത്യക്കുവേണ്ടി ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലുമാണ് പതാകയേന്തിയത്. സിനദീൻ സിദാൻ, റാഫേൽ നദാൽ, കാൾ ലൂയിസ്, സെറീന വില്യംസ് എന്നിവരുൾപ്പെടെയുള്ള ഇതിഹാസ കായിക താരങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഐഒസി പ്രസിഡൻ്റ് തോമസ് ബാച്ചും പാരീസ് ഒളിമ്പിക്സ് 2024 തലവൻ ടോണി എസ്താങ്‌വെറ്റും കാണികളെ അഭിസംബോധന ചെയ്യ്തു. 206 രാജ്യങ്ങളിലെ 10,500 കായികതാരങ്ങൾ മുന്നൂറിലധികം കായികഇനങ്ങളിൽ മാറ്റുരക്കും. ആഗസ്റ്റ് 11ന് മേള കൊടിയിറങ്ങും.