കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ സമ്മാനിച്ച് ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം. കാലം സാക്ഷി എന്ന ആത്മകഥയിലൂടെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണിക്കുട്ടി എബ്രഹാമാണ് ഉമ്മൻചാണ്ടിയെ പുസ്തക രൂപത്തിൽ വായനക്കാർക്ക് സമർപ്പിക്കുന്നത്. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുസ്കകത്തിൻ്റെ പ്രകാശനം ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ നിർവ്വഹിച്ചു.
ജനങ്ങളുമായുളള സമ്പർക്കത്തിലൂടെയാണ് ഉമ്മൻചാണ്ടി അറിവുകൾ നേടിയതെന്ന് അച്ചുഉമ്മൻ പറഞ്ഞു. മരിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളം കൂടുതല്‍ തിരിച്ചറിഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ വ്യക്തമാക്കി.
കാര്യങ്ങളെ പഠിച്ച് പ്രവർത്തിപഥത്തിൽ എത്തിക്കുന്ന വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സണ്ണക്കുട്ടി എബ്രഹാം പറഞ്ഞു.ആദര്‍ശത്തിൽ ഉമ്മൻചാണ്ടി വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്നും ഉമ്മൻ ചാണ്ടി എന്ന ജനനേതാവിനെ പുസ്കകത്തിൽ പൂർണമായി അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.
മാതൃഭൂമിക്ക് പുറമെ കേരളത്തിൽനിന്നുളള പ്രമുഖ പ്രസാധകർ മിക്കവരും മേളയിലുണ്ട്. 12 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ നിരവധി മലയാളും പുസ്തകങ്ങളുടെ പ്രകാശനവും വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.