തിരുവോണത്തെ വരവേൽക്കാനുളള പാച്ചിലിൽ മലയാളികൾ. അവസാനവട്ട ഒരുക്കങ്ങളുമായാണ് ഉത്രാടദിനത്തെ മലയാളികൾ വരവേൽക്കുന്നത്. അത്തം തുടങ്ങി ഒമ്പതാമത്തെ ദിനമാണ് ഒന്നാം ഓണമായ ഉത്രാടം.
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും. നാടും നഗരവും തിരക്കിലാകും. വിപണികളിൽ ഓണവിൽപ്പന പൊടിപൊടിക്കുന്ന ദിനം. ഉത്രാടപ്പാച്ചില്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. തിരുവോണ സദ്യയുടെ അവസാനവട്ട ഒരുക്കങ്ങളാണ് ഉത്രാടദിനത്തിലെ പ്രത്യേകത.
സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക് ചന്തകളിലും നിയമസഭ മണ്ഡല ചന്തകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സഹകരണച്ചന്തകളുമുണ്ട്. ഓണം സബ്സിഡികളും ഡിസ്കൌണ്ടുകളുമൊക്കെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് മലയാളികൾ.
പ്രവാസ ലോകത്തും ഉത്രാടപ്പാച്ചിലിന് കുറവില്ല. ഷോപ്പിംഗ് മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഹോട്ടലുകളിലും ഓണവിപണി സജീവമാണ്. വാഴയില മുതൽ ഓണക്കോടിവരെ പ്രത്യേക ഓഫറുകളോടെ വിപണിയിലുണ്ട്. മിക്കഹോട്ടലുകളിലും ഓണസദ്യയുടെ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണം പൊലിമയോടെ ആഘോഷിക്കുകയാണ് മാലോകർ. എല്ലാവർക്കും ഏഷ്യാലൈവിൻ്റെ ഓണാശംസകൾ.