ഗതാഗതം സുഗമാമാക്കാന്‍ ദുബായ് നടപ്പാക്കുന്ന ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് പദ്ധതിയും ഷിൻദഗ ഇടനാഴി നിര്‍മ്മാണവും ത്വരിതഗതിയില്‍ മുന്നോട്ട്്. ഫാല്‍ക്കണ്‍ പദ്ധതി ഇതിനകം 55 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ദുബായിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
അൽ ഗുബൈബ, ഖലീജ്, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റുകളിലൂടെ കടന്നുപോകുന്ന പദ്ധതി ഇൻഫിനിറ്റി പാലം ഭാഗത്തേക്കുള്ള ഗതാഗതത്തെ കൂടുതൽ സുഗമമാക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. നവീകരണം പൂർത്തിയാകുന്നതോടെ പാലങ്ങളിലൂടെയും ടണലുകളിലൂടെയും മണിക്കൂറിൽ 28,800 വാഹനങ്ങൾക്ക് കടന്ന് പോകാനാകും. ഖാലിദ് ബിൻ അൽ വലീദ്, അൽ ഖലീജ് റോഡുകളിലൂടെ മണിക്കൂറിൽ 3,200 വാഹനങ്ങൾക്കും കടന്നുപോകാം.
ഷിൻദഗ മേഖലയെ ഇതര മേഖലകളുമായി ബന്ധിപ്പിക്കാനും വഴിയൊരുക്കുന്നതോടെ നിരവധി ആളുകൾക്കാണ് യാത്ര സുഗമമാവുക. അൽ മിന റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കയ്റോ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന 13 കിലോമീറ്റർ പാതയുടെ നവീകരണവും പൂർത്തിയാവുകയാണ്. ഇതോടെ ദുബായില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയും സുഗമമാകും.
ആർടിഎയുടെ വന്‍കിട പദ്ധതികളിലൊന്നായ ഷിൻദഗ ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളും ഉടന്‍ പൂര്‍ത്തിയാകും. ഏഴ് ഘട്ടമായി നടപ്പാക്കുന്ന പദ്ധതി അവസാന ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. ഇന്റർസെക്‌ഷനുകൾ. ആറ് ജംഗ്ഷനുകൾ, മൂന്നര കിലോമീറ്റര്‍ പാലങ്ങൾ, രണ്ടേകാല്‍ കിലോമീറ്റര്‍ ടണല്‍, അഞ്ച് കിലോമീറ്റര്‍ റോഡ് എന്നിവയാണ് പൂര്‍ത്തിയാകുന്നത്.
പദ്ധതികളുടെ ഭാഗമായി കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുങ്ങും. ഇതോടെ ഗതാഗത തിരക്കും അപകടങ്ങളും കുറയ്ക്കാനാകുമെന്നും ആര്‍ടിഎ വ്യക്തമാക്കി.