യുഎഇയിലെ തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളും ജീവനക്കാരുടെ പരിക്കും കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം. യു.എ.ഇ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയമാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വീഴ്ചവരുത്തുന്ന തൊഴിലുടമകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അപകടമുണ്ടായാല്‍ കമ്പനിയുടെ പേര്, പരിക്കേറ്റ ജീവനക്കാരന്റെ പേര്, സംഭവം നടന്ന ദിവസം , സമയം, അപകടത്തിന്റെ തീവ്രത, ചികിത്സയുടേയും സുരക്ഷാ പ്രവര്‍ത്തനങ്ങളുടേയും വിവരങ്ങൾ ഉൾപ്പെടെ അപകടത്തിന്റെ ഹ്രസ്വ വിവരങ്ങളാണ് കൈമാറേണ്ടത്. (600) 590-000 എന്ന നമ്പറില്‍ വിവരം അറിയിക്കണെന്നാണ് നിര്‍ദ്ദേശം. സർവിസ് സെന്ററുകളിൽ നേരിട്ടെത്തിയും സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും റിപ്പോര്‍ട്ട് ചെയ്യാം. തൊഴിൽപരമായ രോഗങ്ങളും പരിക്കുകളും അന്വേഷണ വിധേയമാക്കും. ആവശ്യമെങ്കില്‍ തൊഴിലാളിയുടെ പരുക്ക് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും തയ്യാറാക്കണം.
തൊഴില്‍ സ്ഥലത്തെ അപകടങ്ങളില്‍ തൊഴിലാളിയെ സംരക്ഷിക്കേണ്ട ചുമതല തൊഴിലുടമയ്ക്കാണ്. ചികിത്സയും നഷ്ടപരിഹാരവും നല്‍കണമെന്നാണ് വ്യവസ്ഥ. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്ന് പത്ത് ദിവസത്തിനകം നഷ്ടപരിഹാരം എത്തിക്കണം. അപകടം മൂലം തൊഴിലാളിക്ക് വൈകല്യമൊ മരണമൊ സംഭവിച്ചാല്‍ പൂര്‍ണ നഷ്ടപരിഹാരം നല്കിയ ശേഷമേ കരാര്‍ റദ്ദാക്കാവൂ എന്നും മന്ത്രാലയം പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.