യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പുതിയ പ്രസിഡന്റായി ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഫെഡറൽ സുപ്രീം കൗൺസിലിന്റേതാണ് പ്രഖ്യാപനം. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബിയിലെ അൽ മുഷ്രിഫ് പാലസിലാണ് കൗൺസിൽ യോഗം ചേർന്നത്.
യോഗത്തിൽ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പങ്കെടുത്തു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരും പങ്കെടുത്തു
ഭരണഘടനയുടെ ആർട്ടിക്കിൾ 51 അനുസരിച്ചാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പിൻഗാമിയായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്റന്റുമായിരുന്നു
ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ .