അബുദാബിയിലെ മിന സായിദ് ജില്ലയിൽ പുതിയ മത്സ്യ മാർക്കറ്റ് തുറക്കുന്നതായി മുനിസിപ്പാലിറ്റി – ഗതാഗത വിഭാഗം (DMT) പ്രഖ്യാപിച്ചു. മോഡൺ പ്രോപ്പർട്ടീസുമായി സഹകരിച്ചാണ് പദ്ധതി. അബുദാബിയുടെ മത്സ്യബന്ധന വ്യാപാരത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട തീമുകൾ ഉൾക്കൊള്ളുന്ന രീതിയിലാണ് കേന്ദ്രത്തിന്‍റെ നിര്‍മ്മിതിയും പ്രവര്‍ത്തനവും.
പുതിയ മത്സ്യ മാർക്കറ്റിൽ എട്ട് റെസ്റ്റോറന്റുകളും 44 ഫിഷ് ക്ലീനിംഗ് സ്റ്റേഷനുകളുമുണ്ട്. വാണിജ്യ ഇടങ്ങളും അനുബന്ധമായി ക്രമീകരിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന സേവനങ്ങളുള്ള ഒരു സൂപ്പർമാർക്കറ്റിന് പുറമേ 104 ഫ്രഷ് ഫിഷ് സ്റ്റാളുകൾ, എട്ട് ഡ്രൈ ഫിഷ് സ്റ്റാളുകൾ, നാല് പഴം-പച്ചക്കറി സ്റ്റാളുകൾ, മൂന്ന് വാണിജ്യ കിയോസ്കുകൾ എന്നിവയുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
നഗരവികസന തന്ത്രത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയിലാണ് പുതിയ മത്സ്യമാര്‍ക്കറ്റ് തുറക്കുന്നതെന്നും അബുദാബിയിലെ മത്സ്യവ്യാപാരത്തിന്റെയും മത്സ്യബന്ധന വ്യവസായത്തിന്റെയും അരനൂറ്റാണ്ട് പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് വിപണന കേന്ദ്രമെന്നും ഡിഎംടിയിലെ ഓപ്പറേഷൻസ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. സലേം അൽ കാബി വ്യക്തമാക്കി.