അന്താരാഷ്ട്ര സന്തോഷദിനം പ്രമാണിച്ച് റാസൽ ഖൈമയിൽ ഫൈനുകളില്‍ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ഇളവ് . മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്നും അധികൃതർ പറഞ്ഞു. റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെൻ്റിന് (RAKPSD) കീഴില്‍ വരുന്ന നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ഫൈനുകള്‍ക്കായിരിക്കും ഇളവ് ലഭിക്കുക.
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം മാര്‍ച്ച് 20ന് ആഗോള തലത്തില്‍ ‘അന്താരാഷ്‍ട്ര സന്തോഷ ദിനം’ ആഘോഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാരിസ്ഥിതിക നിയമ ലംഘനങ്ങൾ ഉൾപ്പെടെ ചില പൊതു കുറ്റകൃത്യങ്ങൾക്കാണ് ഇളവ് ബാധകമാവുക. ചപ്പു ചവറുകള്‍ വലിച്ചെറിയുക, പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുക, വിലക്കുള്ള സ്ഥലങ്ങളില്‍ പുകവലിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളും പരിധിയില്‍ ഉൾപ്പെടും.
എല്ലാവരുടെയും ജീവിതത്തിൽ സന്തോഷത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് മാർച്ച് 20ന് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്. ജനങ്ങളുടെ സന്തോഷവും ക്ഷേമവും യുഎഇയുടെ ദേശീയ അജണ്ടയുടെ ഭാഗമാണെന്നും അധികൃതർ സൂചിപ്പിച്ചു.