കനത്ത മഴയിൽ വെള്ളത്താൽ ചുറ്റപ്പെട്ട യുഎഇയുടെ ചിത്രങ്ങൾ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടു. ഏപ്രിൽ 19 ന്, കൊടുങ്കാറ്റിനുശേഷം ആദ്യമായി ലാൻഡ്‌സാറ്റ് 9 (ഉപഗ്രഹം) ഈ പ്രദേശത്തിന് മുകളിലൂടെ കടന്നുപോയപ്പോൾ ചില പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ നിന്ന് മുക്തി നേടാത്തതായി ശ്രദ്ധയിൽപ്പെട്ടു. ജബൽ അലിയിലെ വെള്ളപ്പൊക്കമാണ് നാസ പുറത്ത് വിട്ട ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. തുറമുഖത്തിന് തൊട്ടു തെക്ക് ജബൽ അലി എന്ന വ്യവസായ മേഖലയിലും പാം ജബൽ അലിയുടെ തെക്ക് ഹരിത റിസോർട്ടുകൾക്കും പാർക്കുകൾക്കും സമീപം വെള്ളപ്പൊക്കം കാണാം.
ഏപ്രിൽ 19 ന്, ദുബായ്, അബുദാബി എന്നിവയിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡിൽ വെള്ളം മൂടുന്നത് നാസയുടെ ചിത്രത്തിൽ കാണാൻ കഴിയും. ഖലീഫ സിറ്റിയിലും സായിദ് സിറ്റിയിലും അബുദാബി നഗരത്തിൻ്റെ തെക്കുകിഴക്കായി താമസിക്കുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളുടെ പാച്ചുകൾ ചിത്രത്തിൽ ദൃശ്യമാണ്.
ഈ ആഴ്ച 24 മണിക്കൂറിനുള്ളിൽ ദുബായിൽ 220 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്തതായി സിവിക് ബോഡി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി അറിയിച്ചു. ഇത് ഒരു വർഷത്തിനുള്ളിൽ ഒറ്റ ദിവസം കൊണ്ട് പെയ്ത മഴയേക്കാൾ വളരെ കൂടുതലാണ്. അഭൂതപൂർവമായ മഴ രാജ്യത്തെ ജനജീവിതത്തെ ഒട്ടാകെ താറുമാറാക്കി. എന്നാൽ സർക്കാരിൻ്റെയും പൊതുജനങ്ങളുടെയും കമ്പനികളുടെയും ത്വരിത ശ്രമങ്ങൾ രാജ്യത്തെ സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ തിരിച്ചുവരാൻ സഹായിച്ചു. പൊതുമേഖലയ്ക്ക് പുറമേ, ഭൂരിഭാഗം സ്വകാര്യമേഖലാ സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തു. മഴയും കാറ്റും വിതച്ച നാശനഷ്ടങ്ങൾക്കിടയിൽ നിന്ന് യുഎഇ അതിവേഗം മുക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.