അബുദാബി യാസ് ബേ, യാസ് മറീന, അൽ ബന്ദർ ബീച്ച് മേഖലകൾക്കിടയിൽ പുതിയ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു. അബുദാബി മാരിടൈം, എഡി പോർട്ട്സ് ഗ്രൂപ്പ്, മിറൽ അസറ്റ് മാനേജ്‌മെന്റ് എന്നിവര്‍ സംയുക്തമായാണ് പദ്ദതി നടപ്പാക്കുന്നത്.
യാസ് ദ്വീപിന്റെ പ്രധാന വിനോദ കേന്ദ്രങ്ങളേയും അബുദാബിയിലെ ജനപ്രിയ വാട്ടർഫ്രണ്ട് ആകർഷണങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് വാട്ടര്‍ ടാക്സി പ്രവര്‍ത്തിപ്പിക്കുക. ദിവസേന ടാക്സി സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. ഇതോടെ യാസ് ദ്വീപിലെ താമസക്കാരുടെയും സന്ദർശകരുടെയും അനുഭവങ്ങളും മെച്ചപ്പെടും.
ഈ വർഷം ഏപ്രിലിൽ യാസ് മറീനയിലും കടൽത്തീരത്തുമുള്ള യാത്രക്കാരെ അൽ റഹ ബീച്ചിലെ അൽ ബന്ദറിലേക്കും അൽ മുനീറയിലേക്കും കടത്തിവിടുന്ന ഒരു ഷട്ടിൽ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചിരുന്നെന്ന് മിറലിന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അബ്ദല്ല അൽ സാബി പറഞ്ഞു. യാസ് ബേ വാട്ടർഫ്രണ്ടിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും വാട്ടര്‍ ടാക്സി സേവനം ഉപയോഗപ്പെടുത്താം.
ഓരോന്നിനും പരമാവധി 20 പേർക്ക് സഞ്ചരിക്കാനാകും. ഷട്ടിൽ സര്‍വ്വീസുകൾ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വൈകുന്നേരം 5 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തിക്കുന്നത്.