മനുഷ്യാവകാശ സംഘടന പ്രഖ്യാപിച്ച് യു.എ.ഇ സാമൂഹിക വികസന മന്ത്രാലയം. യൂണിയൻ ഫോർ ഹ്യൂമൻറൈറ്റ്സ് അസോസിയേഷൻ എന്ന സംഘടനക്കാണ് മന്ത്രാലയം അംഗീകാരം നൽകിയത്. പൊതു താൽപര്യത്തിനായി പ്രവർത്തിക്കുന്ന സംഘടന എന്ന നിലക്കാണ് അസോസിയേഷന് അബൂദാബി സി.ഡി.എ രജിസ്ട്രേഷനും ലൈസൻസും നൽകിയിരിക്കുന്നത്. അബൂദാബി ആസ്ഥാനമായിസ്ഥാപിച്ച സംഘടനക്ക് യു.എ.ഇയിൽ എല്ലായിടത്തും പ്രവർത്തിക്കാനുള്ള അനുമതിയുണ്ടാകും. സംഘടനയിൽ മനുഷ്യാവകാശ രംഗത്ത് വിദഗ്ധരായ 16 പേരുണ്ടാകും.
മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്ക് രാജ്യം സമർപ്പിക്കേണ്ട റിപ്പോർട്ടുകളിൽ അഭിപ്രായം പറയാനുള്ള അനുജത്തിയും സംഘടനയ്ക്ക് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിർദേശം സമർപ്പിക്കാനും സംഘടന ലക്ഷ്യമിടുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, പരിസ്ഥിതി മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ ഉത്തരവാദിത്തം. കൂടാതെ യു.എ.ഇയിലെ മനുഷ്യാവകാശ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും പഠനം നടത്താനും റിപ്പോർട്ട് തയാറാക്കാനും സംഘടനക്ക് ചുമതലയുണ്ടാകും.
അന്താരാഷ്ട്ര നിയമം, അന്തർദേശീയ മാനുഷിക നിയമം, പ്രധാന മനുഷ്യാവകാശ കൺവെൻഷനുകൾ എന്നിവയിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാന മൂല്യങ്ങളെയും തത്ത്വങ്ങളെയും പിന്തുണക്കുന്ന തരത്തിലായിരിക്കും അസോസിയേഷന്റെ പ്രവർത്തനം. അധികാരികളുമൊത്ത് സംയുക്തമായി മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള നിയമനിർമാണത്തിന് സംഭാവന ചെയ്യുക, മനുഷ്യാവകാശ സംസ്കാരം പ്രോത്സാഹിപ്പിക്കുക, ദേശീയ മനുഷ്യാവകാശ കേഡറുകളുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുക, മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, കോൺഫറൻസുകൾ, പ്രാദേശിക-ദേശീയ-അന്തർദേശീയ പരിപാടികൾ എന്നിവ സംഘടിപ്പിക്കുക എന്നിവയും ഈ കൂട്ടായ്മയുടെ ചുമതലകളിൽ ഉൾപ്പെടും.