സുഡാനില്‍ സൈനികരും അര്‍ധ സൈനികരും തമ്മിൽ തുടരുന്ന ഏറ്റുമുട്ടലിനിടെ മലയാളി വെടിയേറ്റ് മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിൻ ആണ് മരിച്ചത്. 48 വയസ്സായിരുന്നു.
വിമുക്തഭടനായ ആല്‍ബര്‍ട്ട് സുഡാനില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വീടിനുള്ളില്‍ ഫോണ്‍ ചെയ്യുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്.ഇതേ സമയം ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. തുടര്‍ക്രമീകരണങ്ങള്‍ക്കായി അഗസ്റ്റിൻ്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുളള ഏറ്റുമുട്ടൽ തുടരുകയാണ്.ഈ പശ്ചാത്തലത്തിൽ സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാനാണ് എംബസിയുടെ നിർദ്ദേശം.
സുഡാനിൻ്റെ തലസ്ഥാനമായ ഖാർത്തൂമിലാണ് സംഘർഷം രൂക്ഷമായത്. ഇതിനിടെ സുഡാനിലെ പ്രസിഡൻഷ്യൽ കൊട്ടാരം, സുഡാനിലെ ആർമി ചീഫ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ വസതി, ഖാർത്തൂമിലെ അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി സുഡാൻ പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് അവകാശപ്പെട്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.