തൊഴിൽ സമയം 8 മണിക്കൂറിൽ കൂടരുതെന്ന നിർദേശവുമായി യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഉച്ചവിശ്രമത്തിന്റെ പേരിൽ തൊഴിലാളികളെ അധികസമയം ജോലി എടുപ്പിക്കരുതെന്നും മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണി വരെയാണ് ഉച്ചവിശ്രമം. സെപ്റ്റംബർ 15വരെയാണ് വേനൽക്കാല ഉച്ച വിശ്രമ സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ വിശ്രമം നൽകിയതിന്റെ പേരിൽ ദിവസം എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കുന്നത് നിയമ ലംഘനമാണ്. അതേസമയം എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ അധിക സമയത്തിന് ഓവർടൈം ആനുകൂല്യം നൽകണം.
കൂടാതെ എത്രസമയം അധികം ജോലി ചെയ്തോ അതിന് അനുസരിച്ചുള്ള അധിക വേതനവും തൊഴിലുടമ നൽകണമെന്ന് ആരോഗ്യ ,തൊഴിൽ സുരക്ഷാ വകുപ്പ് തലവൻ ഇബ്രാഹിം അൽഅമാരി നിർദേശിച്ചു. അതേസമയം വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ലക്ഷ്യമിട്ടുകൊണ്ട് വിശ്രമം നൽകുന്ന ആദ്യ രാജ്യമാണ് യുഎഇ. ഉച്ചവിശ്രമം ഉറപ്പാക്കുന്നതിന് നിർമാണ മേഖലയിൽ മന്ത്രാലയ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.