ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന ഹരിതഗൃഹവാതകമായ മീഥേയ്നിന്റെ അളവ് യു.എ.ഇയിലെ അന്തരീക്ഷത്തിൽ വർധിക്കുന്നതായി റിപ്പോർട്ട്. അബുദാബിയിലെ ഖലീഫ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് വാതകത്തിന്റെ സാന്ദ്രത കണ്ടെത്തിയത്. ഫ്രോണ്ടിയേഴ്സ് ഇൻ എൻവയൺമെന്റൽ സയൻസ് എന്ന പേരിൽ ഈ വിവരങ്ങൾ സർവകലാശാല പ്രസിദ്ധീകരിച്ചു.
തീരപ്രദേശങ്ങൾ, മാലിന്യങ്ങൾ കുഴിച്ചുമൂടുന്ന പ്രദേശങ്ങൾ, ചെളിയോ ഉപ്പ് നിറഞ്ഞതോ ആയ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സാധാരണയായി മീഥേയ്ൻ വാതകത്തിന്റെ അളവ് കൂടുതലായി കാണപ്പെടുന്നത്. കൃഷിയിടങ്ങൾ കൂടുതലുള്ള ഹജർ പർവ്വതത്തിന് ചുറ്റുമുള്ള ഉൾപ്രദേശങ്ങളിലും മീഥേയ്നിന്റെ സാന്ദ്രത കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഭൂമിയുടെ അന്തരീക്ഷ താപനില വർധിപ്പിക്കുന്നതിൽ കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 86 മടങ്ങ് ശക്തമാണ് മീഥേയ്ൻ വാതകത്തിന്റെ പ്രവർത്തനമെന്നാണ് വിലയിരുത്തൽ.