പ്രവാസലോകത്തെ പുരോഗമന-സാംസ്കാരിക കൂട്ടായ്മയായ മാസിൻ്റെ നാൽപ്പതാം വാർഷികാഘോഷങ്ങൾക്ക് സമാപനം. ഒരുവർഷം നീണ്ടുനിന്ന ആഘോഷ പരിപാടികളാണ് സമാപിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സമാപന സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രവാസ മേഖലയിലും സാസ്കാരിക പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിന് സ്വന്തം രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളുടെ നിലനിൽപ്പ് അനിവാര്യമായ കാലമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യസമൂഹത്തിൻ്റെ ഉന്നമനത്തിനായുളള ഏതൊരു സാംസ്കാരിക ഇടപെടലും പുരോഗതിയുടെ ഭാഗമാണ്. നാൽപ്പത് വർഷമായി അത്തരം പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് മാസ് എന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പുരോഗമന പ്രവർത്തങ്ങൾ സംഘടിപ്പിക്കുന്ന മാസ് ഗൾഫ് മേഖലയിൽ കേരളത്തിൻ്റെ പരിഛേദനമായാണ് വർത്തിക്കുന്നതെന്നും രണ്ടുവർഷത്തിനകം ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ജനകീയ അടിത്തറയുള്ള കൂട്ടായ്മയായി മാസ് മാറണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മുൻ കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ഗൌരവമായ പാർലമെൻ്റ് തെരഞ്ഞെടുപ്പാണ് ഇക്കുറി നടന്നതെന്നും അതുകൊണ്ടുതന്നെ ശക്തരായ സ്ഥാനാർത്ഥികളെയാണ് കേരളത്തിൽ അണിനിരത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനധിപത്യ മതനിരപേക്ഷ ആശയം ഏറ്റവും ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയായി മത്സരിച്ച കെ.ജെ ഷൈൻ വിശിഷ്ടാതിഥിയായിരുന്നു. മാസ് പ്രസിഡൻ്റ് വാഹിദ് നാട്ടിക അദ്ധ്യക്ഷനായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ.കെ കുഞ്ഞഹമ്മദ്, മാസിൻ്റെ മുതിർന്ന അംഗം അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സമീന്ദ്രൻ സ്വാഗതവും ബിനുകോറാം നന്ദിയും രേഖപ്പെടുത്തി.
നർത്തകി വി.പി മൻസിയയുടെ കലാപ്രകടനങ്ങളും വിരുന്നായി. കുട്ടികളുടെ കലാപരിപാടികളും നാടൻ കലാരൂപങ്ങളും , അനുഷ്ഠാന കലകളും ഘോഷയാത്രയും ഒത്തിണക്കിയാണ് വാർഷികാഘോഷങ്ങൾ സമാപിച്ചത്. വിപുലമായ സമാപന സമ്മേളനത്തിൽ മാസ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.