ആദ്യഭാര്യയെ കഠിനമായി ദേഹോദ്രവം ഏല്‍പ്പിച്ച അബുദാബി പൗരന് വന്‍ തുക പിഴ. സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഭാര്യയുടെ പല്ല് അടിച്ചുതകര്‍ത്ത സംഭവത്തിലാണ് അബുദാബി സിവില്‍ കോടതിയുടെ വിധി. യുവാവിന് 50,000 ദിര്‍ഹം (11 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കണം. ശാരീരികവും ധാര്‍മികവുമായ നഷ്ടങ്ങള്‍ സ്ത്രീ അനുഭവിച്ചതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ.
പീഡനത്തെ തുടര്‍ന്ന് 300,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. വിവാഹത്തിനു ശേഷം നിരവധി തവണ ശാരീരികമായി ഉപദ്രവിച്ചതായും യുവതിടെ പരാതിയില്‍ പറയുന്നു. സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ചുളള മര്‍ദ്ദനത്തില്‍ തന്റെ പല്ലുകൾ നഷ്ടമാകുകയും മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും മുറിവേറ്റതായും യുവതി ബോധിപ്പിച്ചു.
നേരത്തെ കോടതിയില്‍ നല്കിയ പരാതിയില്‍ ഭര്‍ത്താവിന് പിഴ വിധിച്ചിരുന്നു. പിന്നീട് വാദിയും പ്രതിയും അപ്പീലുമായി കോടതിയെ സമീപിച്ചു. താന്‍ അനുഭവിച്ച പീഡനങ്ങളെ അപേക്ഷിച്ച് നഷ്ടപരിഹാരം കുറവാണെന്നായിരുന്നു യുവതിയുടെ വാദം. പിഴയായി 16,000 ദിര്‍ഹം നല്‍കിയിട്ടുണ്ടെന്ന് ഭര്‍ത്താവും പറഞ്ഞു. എന്നാല്‍ അപ്പീല്‍ കോടതി 50,000 ദിര്‍ഹം പിഴ നല്‍കാനുളള കോടതി വിധി നിലനിര്‍ത്തുകയായിരുന്നു.