ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ഫൈനെസ്റ്റ് സർപ്രൈസ് പ്രമോഷൻ നറുക്കെടുപ്പിൽ വിജയികളായി മലയാളിയും ജർമൻ പൗരനും. എട്ട് കോടിയിലേറെ രൂപ(10 ലക്ഷം ഡോളർ) വീതമാണ് സമ്മാനം. 12 വർഷമായി അബുദാബിയിലെ ഒരു കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായിജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി മണി ബാലരാജാ(36)ണ് വിജയിയായ മലയാളി. ജർഗൻ അലോയിസ് മഷൗവർ ആണ് 10 ലക്ഷം ഡോളർ നേടിയ ജർമൻ പൗരൻ.
മണി ബാലരാജ് കഴിഞ്ഞ മാസം 23ന് ഓൺലൈനിലൂടെ വാങ്ങിയ 428 സീരീസിലെ 0405 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാല് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ രണ്ട് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ പങ്കെടുക്കുന്ന വ്യക്തിയാണ് മണി. ജീവിതത്തിൽ ഇത്രയും വലിയതൊന്നും നേടിയിട്ടില്ലെന്നും മണി പറഞ്ഞു. സമ്മാനം ലഭിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നുവെന്നും ബൈക്ക് റേസിങ്ങിൽ പങ്കെടുക്കാറുള്ള മണി ബാലരാജ് കൂട്ടിച്ചേർത്തു. രണ്ടാമത്തെ കുട്ടിയെ വരവേൽക്കാൻ തയ്യാറെടുക്കുമ്പോഴാണ് മാണിയെ തേടി സമ്മാനം എത്തുന്നത്.
അതേസമയം 1999 ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒരു മില്യൺ യുഎസ് ഡോളർ നേടിയ 211-ാമത്തെ ഇന്ത്യൻ പൗരൻ കൂടിയാണ് ബാലരാജ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നത് ഇന്ത്യൻ പൗരന്മാരാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്‌ലോഫ്‌ലിൻ, സിഒഒ രമേഷ് സിദാംബി, മോണ അൽ അലി തുടങ്ങിയവർ ചേർന്നായിരുന്നു നറുക്കെടുപ്പ് നടത്തിയത്.