റമാദാൻ ആചരിക്കുന്ന വിശ്വാസികൾക്ക് ആശംസകൾ അറിയിച്ച് യുഎഇയിലെ കത്തോലിക്കാ സഭാ മേധാവി. റമാദാൻ കാലം ദാരിദ്ര്യവും യുദ്ധവും കാരണം പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങൾ അനുഭവിച്ചവരെയും ഓർക്കാനും സഹായിക്കാനും കഴിയുന്ന കാലമാകട്ടെയെന്നും ബിഷപ്പ് പൗലോ മാർട്ടിനെല്ലി പറഞ്ഞു. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി റമദാനിൽ പ്രാർത്ഥിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
ഈ വർഷം ക്രസ്ത്യൻ വിഭാഗങ്ങളുടെ ഈസ്റ്റർ നോമ്പിനൊപ്പമാണ് റമദാനും എത്തിയത്.ഇരു വിഭാഗത്തിനും ഒരേ സമയം ഉപവസിക്കാനും പ്രാർത്ഥിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിയാനും അവസരമുണ്ട്. യുദ്ധം, രോഗം, പട്ടിണി എന്നിവയാൽ ദുരിതമനുഭവിക്കുന്ന മനുഷ്യരാശിയെ വിശ്വാസികൾ കൈവിടരുതെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
നാം മനുഷ്യ സാഹോദര്യത്തിൽ പെട്ടവരാണെന്ന് തിരിച്ചറിയാനുളള സമയമാണിതെന്നും ദൈവത്തോടും നമ്മുടെ സഹോദരങ്ങളോടും കൂടുതൽ അടുക്കാൻ വിശുദ്ധ മാസം നമ്മെ സഹായിക്കട്ടെയെന്നും ബിഷപ്പ് മാർട്ടിനെല്ലി പറഞ്ഞു. യു.എ.ഇ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങളെ ഉൾക്കൊള്ളുന്ന അധികാര പരിധിയിലെ ഏറ്റവും ഉയർന്ന പദവിയിലുളള കത്തോലിക്കാ ബിഷപ്പും ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക് വികാരിയുമാണ് പൗലോ മാർട്ടിനെല്ലി .