കൈയിൽ ജോലിയില്ലാതെ യുഎഇയിലേക്ക് കുടിയേറുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചതായി പഠന റിപ്പോർട്ട്. റിക്രൂട്ട്‌മെൻ്റ് സ്ഥാപനമായ റോബർട്ട് ഹാഫ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജോലിയിൽ വൈദഗ്ദ്ധ്യമോ ആധികാരിക വൈഭവമോ ഇല്ലാതെ യുഎഇയിൽ ജോലിതേടി എത്തുന്നവർ പെരുകുകയാണെന്നാണ് ഭൂരിപക്ഷം തൊഴിലുടമകളുടേയും അഭിപ്രായം.
നല്ല കാലാവസ്ഥ, നികുതി രഹിത വരുമാനം, മൾട്ടി കൾച്ചറൽ ലൈഫ്‌സ്‌റ്റൈൽ എന്നിവയൊക്കെ ഉദ്യോഗാർത്ഥികളെ യുഎഇയിലേക്ക് ആകർഷിക്കുന്നുണ്ട്. ഉദ്യോഗാർത്ഥികൾ പെരുകുന്നതനുസരിച്ച് ജോലിക്കായുളള മത്സരങ്ങൾ കഠിനമാകുകയും പലരും കുറഞ്ഞ ശമ്പളത്തിൽ ജോലി ഏറ്റെടുക്കാൻ തയ്യാറാവുകയും ചെയ്യുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ തൊഴിലുടമകൾക്ക് ആവശ്യമായ വൈദഗ്ധ്യമുളള പ്രതിഭകളെ നിയമിക്കുന്നത് വെല്ലുവിളിയാണെന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ജോലിസാധ്യതകളുടെ കാര്യത്തിലും യുഎഇ മുൻപന്തിയിലാണ്. തൊഴിലുടമകളിൽ മുക്കാൽ ഭാഗവും അടുത്ത ആറ് മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ നടത്താൻ പദ്ധതിയിടുന്നതായാണ് വെളിപ്പെടുത്തൽ. യുഎഇയിലെ അനുഭവപരിചയവും തൊഴിൽ വൈദഗദ്ധ്യവുമുളളവർക്ക് മികച്ച വേതനം ഡിമാൻ്റ് ചെയ്യാനാകും.
യുഎഇയിലെ വിസ നിയമങ്ങൾ കർശനമാക്കിയതോടെ സന്ദർശക വിസയിലെത്തി ജോലി തേടുന്ന രീതി മാറിയിട്ടുണ്ട്. പകരം തൊഴിലന്വേഷണ വിസ യുഎഇ നടപ്പിലാക്കിയത് ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ഒരുക്കും. ഭാഗ്യപരീക്ഷണത്തിന് അപ്പുറം മികച്ച പരിശീലനവും തയ്യാറെടുപ്പുകളുമായി എത്തുന്നവർക്ക് യുഎഇയിൽ മികച്ച ഭാവി കണ്ടെത്താനാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc