ജീവിത വിജയം തേടിയുളള കഠിനാധ്വാനം, അശ്രാന്ത പരിശ്രമം എന്നിവയാണ് തൃശൂർ വടക്കാഞ്ചേരി വരവൂർ സ്വദേശികളായ ജലീനയേയും ഭർത്താവ് ഹുസൈനേയും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിച്ചത്. റബ്ബർ ടാപ്പിംഗാണ് ഈ ദമ്പതികളുടെ വരുമാനമാർഗം. ഈ തിരക്കിനിടെ അറബി ഭാഷയേയും അറബിക് കാലിഗ്രാഫിയേയും മനസ്സിൽ കൊണ്ടുനടന്ന ജലീന ഖുറാൻ്റെ കയ്യെഴുത്തുപ്രതി തയ്യാറാക്കാൻ സമയം കണ്ടെത്തി. കുടുംബത്തിൻ്റെ പിന്തുണകൂടി കിട്ടിയതോടെ ഒരുവർഷം കൊണ്ട് കയ്യെഴുത്തുപ്രതി പൂർത്തിയാക്കി.
വലിയ പേപ്പറിൽ വലിയ അക്ഷരങ്ങളിലാണ് ഖുറാൻ പകർത്തിയെഴുതിയിത്. ഒടുവിൽ വലിയ ഖുറാൻ കയ്യെഴുത്തുപ്രതിക്കുളള നാല് റെക്കോർഡുകൾ സ്വന്തമായതോടെ ജലീനയുടെ പരിശ്രമം വിജയത്തിലെത്തുകയായിരുന്നു.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, യുകെ കേന്ദ്രമായ ടൈം വേൾഡ് റെക്കോർഡ്, അറേബ്യൻ വേൾഡ് റെക്കോർഡ് എന്നിവയാണ് ജലീന സ്വന്തമായത്. 608പേജുളള കയ്യെഴുത്തുപ്രതിക്ക് 30 കിലോ തൂക്കമുണ്ട്.
ആദ്യമായാണ് ഒരു മേളയിൽ ഈ കയ്യെഴുത്ത് ഖുറാൻ പ്രദർശിപ്പിക്കുന്നതെന്ന് ജലീന പറയുന്നു. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാർജ പുസ്കകോത്സവത്തിൽ ഖുറാൻ പ്രദർശിപ്പിക്കാൻ അവസരം ലഭ്യമായത്. ടാപ്പിംഗ് ജോലിയിലൂടെ സ്വരുക്കൂട്ടിയ പണത്തിനൊപ്പം സഹോദരങ്ങളുടെ സഹായംകൂടി ലഭ്യമായതോടെ അന്താരാഷ്ട്ര മേളയെന്ന സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.
എല്ലാത്തിനും പിന്തുണ നൽകുന്ന ഭർത്താവ് ഹുസൈനും ജലീനയ്ക്കൊപ്പം മേളയിൽ എത്തിയിട്ടുണ്ട്. ജീവിത പ്രാരാബ്ദങ്ങൾക്ക് ഇടയിലും ദമ്പതികളുടെ ഏക മകന് എംബിബിഎസ് പൂർത്തിയാക്കാൻ കഴിഞ്ഞതും ദമ്പതികളുടെ ലക്ഷ്യത്തിൻ്റേയും കഠിനാധ്വാനത്തിന്റേയും വിജയമാണ്.