എയർ ഇന്ത്യ വിമാന കമ്പനി കുട്ടികൾക്കുള്ള ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയതിൽ പരിഭവവുമായി കുട്ടിത്താരം ഐസിൻ ഹാഷ്. നിരവധി പരസ്യ ചിത്രങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുള്ള താരമാണ് ഐസിൻ. മലയാളിയായ ഐസിൻ അറബ് രാജ്യങ്ങളുടെ പരസ്യത്തിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. ദുബായിൽ താമസിക്കുന്ന ഐസിൻ ഹാഷ് നേരത്തെ ഹൃതിക് റോഷൻ, മാധവൻ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും ഒറ്റയ്ക്ക് ദുബായിൽ എത്തിയ ഐസിനാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു വിഡിയോയുമായി എത്തിയത്.
ഇത്തരത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്ക് ടിക്കറ്റിന് പുറമേ നൽകേണ്ടി വരുന്ന ഫീസ് അടുത്തിടെ ഒറ്റയടിക്ക് ഉയർത്തിയിരുന്നു. ഇതാണ് മലയാള സിനിമയിലെ ബാലതാരവും പരസ്യമോഡലുമായ ഐസിനെ ചൊടിപ്പിച്ചത്. മുൻപ് ഒരു തവണ രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്ക് എയർ ഇന്ത്യയുടെ പ്രത്യേക സർവീസ് ഉപയോഗിച്ച് ഐസിൻ കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ ഇത്തവണ എയർ ഇന്ത്യ ആ സർവീസിന് ഇരട്ടി നിരക്കാണ് ഐസിന്റെ പക്കൽ നിന്നും ഈടാക്കിയത്. മുൻപ് ടിക്കറ്റ് നിരക്കിന് പുറമേ 5,000 രൂപ ആയിരുന്നു സർവീസ് ചാർജ്. ഇപ്പോൾ അത് ഒറ്റയടിക്ക് 10,000 രൂപയായി വർധിപ്പിച്ചതാണ് ഐസിന്റെ പരിഭവത്തിന് കാരണം.
അഞ്ചു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഈ സർവീസ്. കൂടാതെ ഇതിന് മുൻപ് രണ്ടു വയസ്സു മുതലുള്ള കുട്ടികൾക്ക് ടിക്കറ്റ് ചാർജിനത്തിൽ ചെറിയ ഒരു ഇളവ് എയർ ഇന്ത്യ നൽകിയിരുന്നു. ഇപ്പോൾ ആ ആനുകൂല്യവും എയർ ഇന്ത്യ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഗൾഫിൽ നിന്ന് കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. കുട്ടികൾക്കുള്ള സർവീസിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ഐസിനുള്ളത്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മികച്ച സഹകരണവും കരുതലുമാണ് എയർ ഇന്ത്യ സ്റ്റാഫിന്റ ഭാഗത്തുനിന്ന് ലഭിച്ചത് എന്നും ഐസിൻ വ്യക്തമാക്കി.