യുഎഇുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ ഉദ്ഘാടനം ചെയ്തു. യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തുമാണ് റെയിൽ ശൃംഖലയുടെ ഉദ്ഘാടനം നിർവഹിച്ചത്. കിരീടാവകാശി ഷെയ്ഖ് ഹംദാനും ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു.റെയിൽ ശൃംഖല ഔദ്യോഗികമായി നിലവിൽ വന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും ട്വിറ്ററിലൂടെ അറിയിച്ചു.
നിർമ്മാണം പൂർത്തിയാക്കിയ പാതയിലൂടെ ചരക്ക് തീവണ്ടി സർവീസിനും തുടക്കം കുറിച്ചു. എമിറേറ്റ്സുകളിൽ ഉടനീളം കാർഗോ ട്രെയിനുൾ എത്തിച്ചേരും.അബുദാബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ നീളത്തിലാണ് ഇത്തിഹാദ് റെയിൽപാത.രാജ്യത്തെ നാല് സുപ്രധാന തുറമുഖങ്ങളെയും, ഏഴ് ചരക്കുഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ ശൃംഖല. വർഷം 60 ദശലക്ഷം ടൺ ചരക്കുകൾ റെയിൽ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകുമെന്നാണ് നിഗമനം.
വൈകാതെ യാത്രാ ട്രെയിനുകളും ഓടിത്തുടങ്ങും. വർഷം 36.5 ദശലക്ഷം യാത്രക്കാരെ വഹിക്കാനുളള ശേഷി റെയിൽവേക്ക് ഉണ്ടാകും. അബുദാബിയിൽ നിന്ന് ദുബായിലേക്ക് അമ്പത് മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് നൂറുമിനിറ്റ് കൊണ്ടും തീവണ്ടിയിൽ എത്തിച്ചേരാനാകും.
200 ബില്യൺ ദിർഹം മൂല്യമുള്ള ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതാണ് പുതിയ റെയിൽ ശൃംഖല. ടൂറിസം മേഖലയ്ക്ക് 23 ബില്യൺ ദിർഹമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.2030ഓടെ പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കുകയായിരുന്നു. യാത്രാ ട്രെയിനുകൾക്ക് ആവശ്യമായ വാഗണുകളും എത്തിക്കഴിഞ്ഞു. ഇതിനിടെ പദ്ധതിയുടെ ഉദ്ഘാടന യാത്രക്കാരായി ദുബായ് ഭരണാധികാരികൾ സഞ്ചരിക്കുന്ന ചിത്രവും പുറത്തുവന്നു.