ഇസ്ലാമിക് കലണ്ടർ അനുസരിച്ച് യുഎഇയിലെ താമസക്കാർക്കും പൗരന്മാർക്കും ഒരു പൊതു അവധി ദിനം കൂടി വന്നെത്തുന്നു. ബലി പെരുന്നാളിനോട് അനുബന്ധിച്ച് നീണ്ട അവധി ലഭ്യമായതിന് പിന്നാലെയാണ് ജൂലൈ അവസാനത്തോടെ പുതുവർഷത്തോട് അനുബന്ധിച്ചുളള പൊതുഅവധി എത്തുന്നത്.
ജ്യോതിശാസ്ത്ര പ്രവചനങ്ങൾ അനുസരിച്ച് ഇസ്ലാമിക്പുതുവത്സരം ജൂലൈ 19ന് ആരംഭിക്കുമെന്നാണ് നിഗമനം. 1445 മുഹറം 1 എന്നാണ് തീയതി അടയാളപ്പെടുത്തുന്നതെങ്കിലും പ്രവാചകനും അനുയായികളും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത ഹിജ്‌റയോട് അനുബന്ധിച്ചാണ് ഇസ്‌ലാമിക് പുതുവർഷം ആരംഭിക്കുന്നത്.
പുതിയ വർഷം റമദാൻ 2024 മാർച്ച് 11 തിങ്കളാഴ്ച ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നു. റമദാനിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്തർ 2024 ഏപ്രിൽ 10 ബുധനാഴ്ച ആയിരിക്കാനാണ് സാധ്യത. അതേസമയം ഈദ് അൽ അദ 2024 ജൂൺ 17 തിങ്കളാഴ്ച ആയിരിക്കുമെന്നാണ് സൂചനകൾ.
ചാന്ദ്ര ചക്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇസ്‌ലാമിക കലണ്ടർ. അതുകൊണ്ടുതന്നെ സൗരവർഷ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ 11 ദിവസം കുറവാണ് ഇസ്ലാമിക് കലണ്ടറിൽ ഉണ്ടാവുക.