ഇസ്ലാമിക് പുതുവർഷം ആഘോഷിച്ച് മുസ്ലീം വിശ്വാസികളും അറബ് രാജ്യങ്ങളും. രാജ്യത്തെ ജനങ്ങൾക്കും ലോകമെങ്ങുമുളള വിശ്വാസികൾക്കും ആശംസകൾ അറിയിച്ച് അറബ് നേതാക്കൾ.
പുതുവർഷത്തോട് അനുബന്ധിച്ച് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ലോകമെമ്പാടും സമാധാനവും ഐക്യവും ആശംസിച്ചു . യുഎഇയിലെ ജനങ്ങൾക്കും എല്ലായിടത്തുമുള്ള മുസ്ലീങ്ങൾക്കും ഊഷ്മളമായ അഭിനന്ദനങ്ങൾ എന്നാണ് പ്രസിഡൻ്റിൻ്റെ ആശംസാസന്ദേശം.
പുതിയ വർഷം പുരോഗതിയും സുസ്ഥിരതയും നിറഞ്ഞതായിരിക്കണമെന്നും അത് ലോകമെമ്പാടുമുള്ള സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഒരു പുതിയ പ്രതിബദ്ധത കൊണ്ടുവരാനും ദൈവത്തോട് പ്രാർത്ഥിക്കുന്നതായും ശൈഖ് മുഹമ്മദ് കുറിച്ചു.
ജൂലൈ 19നാണ് ഇസ്ലാമിക് പുതുവർഷം ആഘോഷിക്കുന്നതെങ്കിലും വാരാന്ത്യ ദിനങ്ങളോട് അനുബന്ധിച്ച് ജൂലൈ 21നാണ് യുഎഇ പൊതു അവധി നൽകിയിട്ടുളളത്. യുഎഇയ്ക്ക് പുറമെ മറ്റ് ഗൾഫ് നാടുകളിലും പുതുവർഷ അവധി നൽകിയിട്ടുണ്ട്.
പ്രവാചകൻ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിൻ്റെ അനുസ്മരണമായാണ് പുതുവർഷത്തിന് തുടക്കമിടുന്നത്. വിശ്വാസികളെ സംബന്ധിച്ച് പ്രാർത്ഥനാ ദിനംകൂടിയാണ് മുഹറം ഒന്ന്.