സൗദിയിൽ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലം കണ്ടുതുടങ്ങിയതായി അധികൃതർ. സ്വകാര്യ തൊഴില്‍ മേഖലയിൽ സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായി മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി.
രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കിയ നിതാഖാത്ത് വിജയകരമാണെന്നാണ് അറിയിപ്പ്.
പരിഷ്കരിച്ച സ്വദേശിവത്ക്കരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം 21 ലക്ഷം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നേടാനായെന്നും കണക്കുൾ വ്യക്തമാക്കുന്നു. 12 മാസത്തിനിടെ 1.77 ലക്ഷം ആളുകൾക്ക് തൊഴിൽ ലഭ്യമായി.
ലക്ഷമിട്ടതിൻ്റെ എൺപത് ശതമാനം ആളുകൾക്ക് അവസരങ്ങൾ ഒരുങ്ങിയെന്നും മന്ത്രാലയം സൂചിപ്പിച്ചു.
അതേസമയം ഈ വര്‍ഷം ജനുവരിയില്‍ നടപ്പിലാക്കിയ രണ്ടാം ഘട്ട സ്വദേശിവത്ക്കരണത്തിൻ്റെ ഭാഗമായി 35,000 സ്വദേശികള്‍ക്ക് ഇതിനകം തൊഴില്‍ ലഭ്യമായിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനമായി കുറക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രാലയം വിലയിരുത്തി. കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണ നയം വ്യാപിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്.