യുഎഇയിലെത്തുന്ന ഇന്ത്യക്കാരുടെ ഫോണിൽ ഫോൺ പേയുണ്ടെങ്കിൽ പണമിടപാടുകൾ എളുപ്പമാക്കാൻ കഴിയും. ഫോൺ പേ ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ യുപിഐ ഉപയോഗിച്ച് മഷ്റിക്കിന്റെ നിയോപേ ടെർമിനലുകളിൽ പേയ്‌മെൻ്റുകൾ നടത്താൻ കഴിയും. യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) ഇടപാടുകൾ സുഗമമാക്കുമെന്നും കറൻസി വിനിമയ നിരക്ക് കാണിക്കുമ്പോൾ അക്കൗണ്ട് ഡെബിറ്റ് ഇന്ത്യൻ രൂപയിൽ നിന്നും പോകുമെന്നും ഫോൺപേ പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മഷ്‌റിക്ക് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെയാണ് ഈ സംരംഭം സാധ്യമാക്കിയിട്ടുള്ളത്. എന്നാൽ, റീട്ടെയിൽ സ്റ്റോറുകൾ, വിനോദസഞ്ചാര, വിനോദ കേന്ദ്രങ്ങൾ, ഡൈനിംഗ് ഔട്ട്‌ലെറ്റുകൾ എന്നിവയിലുടനീളം ലഭ്യമായ മഷ്‌റിക്കിൻ്റെ നിയോപേ ടെർമിനലുകളിൽ മാത്രമായിരിക്കും ഫോൺ പേ ഇടപാടുകൾ നടത്താനാകുക എന്ന പരിമിതികൾ ഉണ്ട്.
നിയോപേ ടെർമിനലുകളിൽ ആപ്പ് വഴി പേയ്‌മെൻ്റുകൾ നടത്തുന്നതിന് അവരുടെ നിലവിലുള്ള നാട്ടിലെ NRE, NRO അക്കൗണ്ടുകൾ ലിങ്ക് ചെയ്യേണ്ടതായിട്ടുണ്ട്. നിയോപേ ടെർമിനലിൽ കറൻസി വിനിമയ നിരക്ക് കാണിക്കുന്നത് ഇന്ത്യൻ രൂപയിൽ ആയിരിക്കും.