അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നിയമം കര്‍ശനമാക്കി യുഎഇ. വിസ കാലാവധി കഴിഞ്ഞവരും , മതിയായ യാത്രാരേഖകൾ ഇല്ലാതെ രാജ്യത്തെത്തിയവരേയും നാടുകടത്തും. വിവിധ കേസുകളില്‍ അകപ്പെടുന്നവര്‍ക്കും, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും നിയമം ബാധകമാണ്.
ഒക്ടോബര്‍ മൂന്ന് മുതലാണ് പരിഷ്കരിച്ച നിയമം ബാധകമാവുകയെന്ന് താമസ – തിരിച്ചറിയല്‍ രേഖ വിഭാഗവും ,കസ്റ്റംസ് – തുറമുഖ വിഭാഗവും അറിയിച്ചു. നാടുകടത്താനുളള ചെലവ് അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് ഈടാക്കും. നിയമലംഘകര്‍ക്കൊപ്പം ആശ്രിത വിസക്കാരേയും നാടുകടത്തും. നാടുകടത്താനുളള ചെലവ് തൊഴിലുടമയില്‍നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം ചില മാനദണ്ഡങ്ങളില്‍പ്പെട്ടവര്‍ക്ക് രാജ്യത്ത് തുടരാന്‍ അനുമതി നല്‍കുമെന്നും അതോറിറ്റി വ്യക്തമാക്കി. അംഗീകാരമുളളവര്‍ക്ക് അനുയോജ്യരായ സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് അവസരം നല്‍കും. മാനുഷിക പരിഗണകൾ അര്‍ഹിക്കുന്നവര്‍ക്കും ഇളവുകൾ അനുവദിക്കും.
ഒരിക്കല്‍ നാടുകടത്തപ്പെട്ടവര്‍ക്ക് ഫെഡറല്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ തിരികെ പ്രവേശനം അനുവദിക്കില്ല. നാടുകടത്തേണ്ട ഒരാളെ ഒരുമാസത്തിലധികം ജയിലില്‍ പാര്‍പ്പിക്കരുതെന്നും വ്യവസ്ഥയുണ്ട്. അതേസമയം സാമൂഹ്യമാധ്യമങ്ങളിലെ പരാമര്‍ശങ്ങൾ പോലും നാടുകടത്തിലിന് കാരണമാകുമെന്നും അതോറിറ്റി സൂചിപ്പിച്ചു.