ഇഫ്ത്താർ സമയ വിളംബരത്തിനായി യുഎഇയിലെ വിവധ ഇടങ്ങളിൽ പീരങ്കികൾ വിന്യസിച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്ര, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലാണ് റമദാൻ പീരങ്കികൾ സ്ഥാപിച്ചത്. റമദാൻ മാസത്തിൽ ഓരോ ദിവസവും വ്രതം അവസാനിപ്പിക്കുന്നതിനും ഇഫ്താൻ അഹ്വാനം നൽകുന്നതിനും സമയം പ്രഖ്യാപിച്ച് പീരങ്കികൾ വെടിമുഴക്കും.
പാരമ്പര്യത്തിൻ്റേയും സംസ്കാരത്തിൻ്റേയും അടയാളപ്പെടുത്തലായാണ് മിഡ്‌ഫ അൽ ഇഫ്താർ എന്നറിയപ്പെടുന്ന പീരങ്കികൾ റമദാൻ കാലത്ത് ഉപയോഗിക്കുന്നത്. പുണ്യമാസത്തിൽ ആധുനികതയെ ഉൾക്കൊള്ളുന്നതിനൊപ്പം റമദാനിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തുമെന്ന് ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
അബുദാബിയിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, ഖസർ അൽ ഹോസ്‌ൻ, മദർ ഓഫ് ദി നേഷൻ പാർക്ക്, അൽ ഷഹാമ ഏരിയയിലെ ഫോർമുല വൺ കാർ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നത്.അൽഐനിൽ, സഹകർ ഏരിയയിലെ കല്യാണ മണ്ഡപത്തിന് സമീപവും അൽ ജാഹിലി ഫോർട്ടിലും, റാസൽഖൈമയിൽ, അൽ ഖവാസിം കോർണിഷിലും ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് സായിദ് മസ്ജിദിലും പീരങ്കികൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം റമദാൻ പീരങ്കികളുടെ സ്ഥാനം ദുബായ് പോലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം ദുബായിൽ അഞ്ച് ഇടങ്ങളിൽ പീരങ്കികൾ സ്ഥാപിച്ചിരുന്നു.എക്പോ സിറ്റി, ബുർജ് ഖലീഫയ്ക്ക് സമീപം, ഫെസ്റ്റിവൽ സിറ്റി, മദീനത്ത് ജുമൈറ, ദമാക്, ഹത്ത ഗസ്റ്റ് ഹൌസ് എന്നിവിടങ്ങളിൽ സ്ഥാപിക്കുമെന്നാണ് സൂചന.
നിബന്ധനകൾ
1960കൾ മുതലാണ് യുഎഇയിൽ പീരങ്കികൾ ഒരു റമദാൻ പാരമ്പര്യമായി മാറിയത്.ഓരോ പീരങ്കി വെടിവെപ്പിലും നാല് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരിക്കണമെന്നാണ് നിബന്ധന. രണ്ട് ഉദ്യോഗസ്ഥർ പീരങ്കി നിയന്ത്രിക്കുന്നതിനും ഒരാൾ ഒരു ശൂന്യമായ കാട്രിഡ്ജ് മാറ്റുന്നതിനും മറ്റൊരാൾ അത് ലോഡുചെയ്യുന്നതിനുമാണ് നിയോഗിക്കപ്പെടുക.രണ്ട് ഉദ്യോഗസ്ഥർ പീരങ്കിയുടെ രക്ഷാധികാരികളായി പ്രവർത്തിക്കുകയും ഉത്തരവുകൾ നൽകുകയും ചെയ്യും.ഇഫ്താറിന് സമയമാകുമ്പോൾ പീരങ്കി വെടിയുതിർക്കാൻ ഓർഡർ നൽകും. ഇതോടെ കിലോമീറ്റർ അകലെയുളളവർക്കും ഇഫ്താറിനുളള സന്ദേശം ലഭ്യമാകും.