യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ആലിപ്പഴ വർഷവും കനത്ത മഴയും ഉണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യുടെ റിപ്പോർട്ട് പ്രകാരം വൈകുന്നേരം നാല് മണിയോടെ ദുബായിലെ അൽ ഖുദ്ര റോഡിൽ കനത്തതോ മിതമായതോ ആയ മഴ പെയ്തു. സ്റ്റോം സെൻ്റർ അതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിട്ടുണ്ട്.
കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായിട്ടുണ്ട്. അൽ ഖുദ്ര റോഡിൽ ഉമ്മു സുഖീമിലേക്ക് യാത്ര ചെയ്ത താമസക്കാർക്ക് പൊടിക്കാറ്റുമൂലം ദൃശ്യപരതയിൽ കുറവുണ്ടായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 16 ന് യുഎഇ റെക്കോർഡ് ഭേദിച്ച മഴയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. വരാനിരിക്കുന്ന വ്യാഴാഴ്ച രാജ്യത്തെ ബാധിച്ചേക്കാവുന്ന അസ്ഥിരമായ കാലാവസ്ഥയെയും മഴയെയും കുറിച്ച് ഇന്ന് നേരത്തെ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.