രണ്ടു മാസം നീണ്ട മധ്യവേനൽ അവധിക്ക് വിരാമം. നാളെ മുതൽ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾ വീണ്ടും സ്കൂളുകളിലേക്ക്. ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളിലെ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം കുട്ടികളാണ് നാളെ സ്കൂളുകളിലേക്ക് പോകുന്നത്. ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം പബ്ലിക് സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 1,32,000 പേർ സ്കൂളുകളിൽ എത്തും. അതേസമയം പൊതു മേഖലയിൽ 279, സ്വകാര്യ മേഖലയിൽ ഏകദേശം 334 സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളുമുണ്ട്. 18 ഇന്ത്യൻ സ്‌കൂളുകളുമുണ്ടെന്നാണ് കണക്ക്.
അതേസമയം സ്കൂളുകൾ തുറക്കുന്നതിനോട് അനുബന്ധിച്ച് പാഠപുസ്തക വിതരണം, സ്‌കൂൾ ബസ്, സ്‌കൂൾ കന്റീനുകൾ, ഗതാഗത സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. കൂടാതെ അധ്യാപകർക്കുള്ള ഓറിയന്റേഷൻ ക്ലാസുകളും സമാപിച്ചു. അവധി ആഘോഷം കഴിഞ്ഞ് പ്രവാസി കുടുംബങ്ങളും ദോഹയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. എന്നാൽ ഒട്ടുമിക്ക കുടുംബങ്ങളും നാട്ടിൽ തിരുവോണം ആഘോഷിച്ചതിന് ശേഷമാകും തിരിച്ചെത്തുക.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിബന്ധനകളും ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂൾ ബാഗിന്റെ തൂക്കം വിദ്യാർഥിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്‌കൂൾ ബാഗുകളുടെ കനത്ത ഭാരം കുട്ടികളിൽ നട്ടെല്ലിന് വളവും നടുവേദനയും തലവേദനയും പോലെ അസുഖങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുമെന്നതിനാൽ സ്‌കൂൾ ബാഗുകൾ എങ്ങനെയുള്ളതാകണമെന്ന് പ്രഖ്യാപിച്ചുള്ള മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാഗിന്റെ തൂക്കം മുതൽ പുസ്തകങ്ങൾ എങ്ങനെ ബാഗുകളിൽ അടുക്കി വയ്ക്കണം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായി നിർദേശങ്ങളാണ് അധികൃതർ നൽകുന്നത്.
1) ഒന്നിലധികം പോക്കറ്റുകൾ ബാഗിന് ഉണ്ടായിരിക്കണം. എല്ലാ പോക്കറ്റുകളിലും സ്‌കൂൾ സാമഗ്രികൾ വയ്ക്കാൻ കഴിയുന്നതിലൂടെ ബാഗിന്റെ ഭാരം ഒരുവശത്തേക്ക് മാത്രമാകാതെ തുല്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
2) ബാഗിന്റെ വീതി വിദ്യാർഥിയുടെ ശരീരത്തിന്റെ വീതിക്ക് അനുസൃതമാകണം. കൂടാതെ കുട്ടിയുടെ മുതുകിന്റെ മുകളിൽ നിന്ന് വാരിയെല്ലിന്റെ അവസാനം വരെ നീളമുള്ളതും ആയിരിക്കണം. മസിലുകൾക്കും മുതുകിനും അനാവശ്യമായ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു നിബന്ധന.
3) ബാഗിന്റെ പിറകിലായി പഞ്ഞികൊണ്ടുള്ള പാഡ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഇത് നട്ടെല്ലിന് അമിത സമ്മർദം നൽകുന്നത് ഒഴിവാക്കും.
4) എല്ലാ പോക്കറ്റുകളിലും തുല്യമായി പഠനസാമഗ്രികൾ വയ്ക്കണം. ഭാരം കൂടുതലുള്ള സാധനങ്ങൾ ആദ്യം വയ്ക്കുകയും വേണം. ബാഗ് ഇരു വശങ്ങളിലേക്കുമായി ഇടണം. ദീർഘനേരം സ്‌കൂൾ ബാഗ് ചുമലിൽ തൂക്കി നടക്കാനും പാടില്ല.
അതേസമയം പുതിയ അധ്യയനവർഷത്തിന്റെ ആദ്യദിനം ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. ഓഗസ്റ്റ് 28 നാണ് യുഎഇ യിൽ സ്കൂളുകൾ തുറക്കുന്നത്. ആദ്യ ദിനത്തിൽ സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കളായ ജീവനക്കാർക്ക് മൂന്നു മണിക്കൂർ വരെയാണ് ജോലിയിൽ ഇളവ് നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. ബാക് ടു സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഈ നടപടി. തിങ്കളാഴ്ച രാവിലെ വൈകി ഓഫിസിലെത്തുകയും നേരത്തേ ജോലി അവസാനിപ്പിക്കാനും കഴിയും വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. നഴ്സറി, കിൻഡർഗാർട്ടൻ, സ്കൂൾ വിദ്യാർഥികളുടെ മാതാപിതാക്കൾക്കാണ് ആനുകൂല്യം ബാധകം.
ഇത് കൂടാതെ ബാക് ടു സ്കൂൾ സംരംഭത്തിന്റെ ഭാഗമായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നിർധന കുടുംബത്തിലെ കുട്ടികൾക്ക് സ്കൂൾ ബാഗുകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു. എമിറേറ്റ്സ് റെഡ് ക്രസന്റ്, ദുബായ് പൊലീസിന്റെ ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഡിപാർട്ട്മെന്റ്, ദുബായ് മെട്രോ, ട്രാം ഓപറേറ്റർ കിയോലിസ് എം.എച്ച്.ഐ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ബാഗുകൾ, എഴുതാനുള്ള പുസ്തകങ്ങൾ, പെൻസിലുകൾ, ഡ്രോയിങ് ബുക്കുകൾ, പേനകൾ, സ്കെയിലുകൾ തുടങ്ങിയവ കുട്ടികൾക്ക് സമ്മാനമായി നൽകി. കൂടാതെ പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ബാക് ടു സ്കൂൾ സംരംഭത്തിലൂടെ എമിറേറ്റിലുടനീളം നിർധന വിദ്യാർഥികൾക്ക് വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് പഠനോപകരണങ്ങളും മറ്റ് സഹായങ്ങളും വിതരണം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.